എന്‍ഐഐ റെയിഡിനും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട്; നാളെ ഹര്‍ത്താലിന് ആഹ്വാനം
1 min readകൊച്ചി: കേരളത്തില്‍ നാളെ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. 25ഓളം നേതാക്കളെ സംസ്ഥാനത്ത് നിന്ന് എന്‍ഐഎ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം. രഹസ്യമായാണ് എന്‍ഐഎ റെയിഡ് നടത്തിയത്. കേരളത്തിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ മാത്രമാണ് റെയിഡ് വിവരം നേരത്തെ അറിഞ്ഞിരുന്നത്.
വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പകല്‍ 11 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയിരുന്നു. 25 മുതിര്‍ന്ന നേതാക്കളെയാണ് സംസ്ഥാനത്ത് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ പലരെയും കൊച്ചിയിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയ ശേഷം ചിലരെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ നേതാക്കളായ ഇ അബൂബക്കര്‍, പ്രൊഫസര്‍ പി കോയ, നാസറുദ്ദീന്‍ എളമരം, സംസ്ഥാന അധ്യക്ഷന്‍ സിപി മുഹമ്മദ് ബഷീര്‍ തുടങ്ങിയ പ്രമുഖരായ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇഡിയും എന്‍ഐഎയും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തിയത്. കേന്ദ്ര സേനയുടെ അകമ്പടിയോടെയായിരുന്നു റെയ്ഡ്. പലയിടത്തും റെയ്ഡ് നടക്കുകയും പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്ത ശേഷമാണ് ലോക്കല്‍ പോലീസ് എത്തിയത്.
പത്തിലധികം സംസ്ഥാനങ്ങളിലാണ് ഒരേ സമയം എന്‍ഐഎ റെയ്ഡ് നടത്തിയത്. എന്‍ഐഎ ആദ്യമായിട്ടാണ് ഇത്രയും വലിയൊരു നീക്കം രാജ്യത്ത് നടത്തുന്നത്. കേരളത്തിലാണ് കൂടുതല്‍ നേതാക്കള്‍ അറസ്റ്റിലായത്. കര്‍ണാടകയില്‍ 20 പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായി. ഹൈദരാബാദിലെ സംഘടനയുടെ ഓഫീസ് സീല്‍ ചെയ്തു. അസമില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം തുടരുകയാണ്. മഹാരാഷ്ട്രയിലും നിരവധി നേതാക്കളെ പിടികൂടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ആറിടത്താണ് റെയ്ഡ് നടന്നത്. ഡല്‍ഹിയിലും സംഘടനാ നേതാക്കളെ കസ്റ്റഡിയിലെടുത്തു. എല്ലാവരെയും ഡല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തേക്ക് എത്തിക്കുമെന്നാണ് വിവരം.