പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ അക്രമം തുടരുന്നു; മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്

1 min read

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമവും കല്ലേറും ബോബേറും. കണ്ണൂര്‍ മട്ടന്നൂരിൽ ആർഎസ്എസ് കാര്യാലയത്തിനു നേരെ ബോംബേറുണ്ടായി. കണ്ണൂർ ഉളിയിൽ ആയുർവേദ ആശുപത്രിക്ക് സമീപം ബൈക്കിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. .കല്യാശേരിയിൽ ബോംബുമായി ഒരാളെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. കൊല്ലത്ത് പൊലീസുകാര്‍ക്കുനേരെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ബൈക്കിടിച്ചു കയറ്റി. കോട്ടയം ഈരാറ്റുപേട്ടയിലും സംഘർഷമുണ്ടായി. പൊലീസും ഹർത്താൽ അനുകൂലികളും ഏറ്റുമുട്ടി.

വാഹനങ്ങൾക്കു നേരെ കല്ലേറു തുടരുകയാണ്. സംസ്ഥാന വ്യാപകമായി കെഎസ്ആർടിസി ബസുകൾക്കു നേരെ കല്ലേറുണ്ടായി. മുപ്പതിലധികം ബസുകളുടെ ചില്ലുകൾ എറിഞ്ഞു തകർത്തു. ലോറികൾക്കു നേരെയും കല്ലേറുണ്ടായി. ഡ്രൈവർമാർ ഉൾപ്പെടെ പത്തുപേർക്കു പരുക്കേറ്റു. ഇരുമ്പുകഷണം ഉപയോഗിച്ചുള്ള ഏറിൽ തിരുവനന്തപുരത്ത് ലോറി ഡ്രൈവർ ജിനുവിനു പരുക്കേറ്റു. അക്രമത്തെ തുടർന്ന് പല ജില്ലകളിലും കെഎസ്ആർടിസി സർവീസുകൾ നിർത്തിവച്ചു. പൊലീസ് സംരക്ഷണത്തിലാണ് ബസുകൾ ഓടുന്നത്.

മുൻ ഉത്തരവു ലംഘിച്ച് മിന്നൽ ഹർത്താൽ നടത്തിയ പോപ്പുലർ ഫ്രണ്ടിനെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതായി ഹൈക്കോടതി അറിയിച്ചു. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കി. കടകള്‍ അടപ്പിക്കുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടരുതെന്നും നിർദ്ദേശമുണ്ട്. കരുതല്‍ തടങ്കലിനും നിര്‍ദേശം നൽകി.

Related posts:

Leave a Reply

Your email address will not be published.