പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ എന്‍ഐഎ നീക്കം; കൂടുതല്‍ നേതാക്കള്‍ അറസ്റ്റിലാകും

1 min read

ന്യൂഡൽഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ആവശ്യപ്പെടാന്‍ എന്‍ഐഎ നീക്കം. 2017ലും നിരോധനത്തിനായുള്ള നീക്കം എൻഐഎ നടത്തിയിരുന്നു. അറസ്റ്റിലായ നേതാക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേതാക്കള്‍ പിടിയിലാകും. റെയ്ഡിനു മുന്‍പ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേരള പൊലീസ് മേധാവിയുമായി സംസാരിച്ചിരുന്നു.

താലിബാന്‍ മാതൃകയിലുള്ള മതമൗലികവാദത്തിന് പിഎഫ്ഐ ശ്രമിക്കുന്നതായും ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കേരളത്തില്‍ ആയുധപരിശീലനം നല്‍കുന്നതായും എന്‍െഎഎ സൂചിപ്പിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് എന്‍െഎഎ ഡയറക്ടർ ജനറൽ (ഡിജി) വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സംഘടനയെ നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടേക്കും.

ഐഎന്‍എസ് വിക്രാന്ത് യുദ്ധക്കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തിയപ്പോള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഒപ്പമുണ്ടായിരുന്നു. ഈ സന്ദര്‍ശനവേളയിലാണ് സംസ്ഥാന പൊലീസ് മേധാവിയുമായി പോപ്പുലര്‍ ഫ്രണ്ടിനെതിരായ നീക്കത്തെക്കുറിച്ച് ഡോവല്‍ സംസാരിച്ചത്. പിന്നീട് വിവിധ കേന്ദ്ര ഏജൻസികളുടെ യോഗം ചേർന്നിരുന്നു. അതിനുശേഷമാണ് റെയ്ഡ് നടപടിയുണ്ടായത്. ഭീകര ഫണ്ടിങ്, ഭീകര സംഘടനകളുമായിട്ടുള്ള ബന്ധം, നിരോധിത സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

പോപ്പുലർ ഫ്രണ്ടിന് ഏറ്റവും കൂടുതൽ സ്വാധീനമുള്ളതും പ്രധാനപ്പെട്ട ദേശീയ നേതാക്കൾ ഉള്ളതും കേരളത്തിലാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന എൻഐഎ റെയ്ഡ് ഏറെ പ്രാധാന്യമുള്ളതായിരുന്നു. ഭീകരസംഘടനയായ ലഷ്ക്കറെ തയ്ബയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദ് റസിസ്റ്റന്‍റ് ഫോഴ്സ് എന്ന സംഘടനയുടെ കമാന്‍ഡര്‍ സജാദ് ഗുള്‍ ഉള്‍പ്പെട്ട കേസിലാണ് കേരളത്തില്‍ നിന്നുള്ള എട്ട് നേതാക്കളെ അറസ്റ്റുചെയ്തത്. ഇവരെ വിവിധ കോടതികളില്‍ ഹാജരാക്കി.

Related posts:

Leave a Reply

Your email address will not be published.