ഹിജാബ് നിരോധനത്തിന്‍റെ പേരിൽ ഒരു വിദ്യാർഥിനി പോലും പഠനം നിർത്തി പോയിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി
1 min readബംഗളൂരു: ഹിജാബ് നിരോധനത്തിന്‍റെ പേരിൽ ഒരു വിദ്യാർഥിനി പോലും പഠനം നിർത്തി പോയിട്ടില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്. ഹിജാബ് വിഷയത്തിൽ കർണാടക സർക്കാർ സ്വീകരിച്ച നിലപാട് ഹൈക്കോടതി ശരിവെച്ചത് മന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ ഒന്നും വേണ്ടെന്നാണ് കർണാടക വിദ്യാഭ്യാസ നിയമം പറയുന്നത്. ഇത്രയും കാലം ഇത് അനുസരിച്ചുകൊണ്ടിരുന്ന ആറ് വിദ്യാർഥിനികൾക്ക് എങ്ങനെയാണ് പെട്ടെന്ന് ഹിജാബ് ധരിക്കണമെന്ന ചിന്ത വന്നത്. ആരാണ് അവരെ പിന്തുണച്ചത്. നിയമം നടപ്പാക്കുക മാത്രമാണ് സർക്കാർ ചെയ്തത്.
ഉഡുപ്പി കോളജിൽ മാത്രമാണ് ഇത്തരമൊരു പ്രശ്നം ഉയർന്നത്. ജില്ലയിൽ എട്ട് കോളെജുകളുണ്ട്. അവയിലൊക്കെയും ന്യൂനപക്ഷ വിഭാഗത്തിലെ പെൺകുട്ടികൾ പഠിക്കുന്നുണ്ട്. എന്നാൽ, ആറ് വിദ്യാർഥിനികളല്ലാതെ മറ്റാരും നിയമത്തെ എതിർത്ത് രംഗത്ത് വന്നില്ല. ഹിജാബ് ഒരു തടസമേയല്ല. ഹിജാബിന്‍റെ പേരിൽ ഞങ്ങളുടെ കണക്കുകൾ പ്രകാരം ഒരു കുട്ടിയും കോളെജുകള്‍ നിർത്തിപ്പോയിട്ടില്ല.
1985 മുതൽ തുടർന്നുവരുന്ന കർണാടകയിലെ യൂണിഫോം സംവിധാനം ബി.ജെ.പി കൊണ്ടുവന്നതല്ല. കർണാടക വിദ്യാഭ്യാസ നിയമത്തിലൂടെ നിലവിൽ വന്നതാണ്. നിയമസഭയിൽ ജനാധിപത്യ പ്രക്രിയയിലൂടെ നിർമിക്കുന്ന നിയമങ്ങൾ അനുസരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ട്. കുറച്ചുപേർക്ക് മാത്രം അതിൽ നിന്ന് ഒഴിവാകാൻ എങ്ങനെ സാധിക്കും -മന്ത്രി ബി.സി. നാഗേഷ് ചോദിക്കുന്നു