ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ചു; പിഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍

1 min read

കൊല്ലം: കൊല്ലത്ത് ഹര്‍ത്താലിനിടെ പൊലീസിനെ ആക്രമിച്ച പിഎഫ്ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഷംനാദ് പൊലീസിനെ ആക്രമിച്ചത്. പരുക്കേറ്റ പോലീസുകാര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന പ്രതി തിരികെ നാട്ടിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് പിടികൂടിയത്. തമിഴ്‌നാട്ടിലേക്ക് പോയ ഇയാള്‍ ഏര്‍വാടി, ചെന്നൈ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നു. ഇന്നലെ വീട്ടിലേക്ക് എത്തിയപ്പോള്‍ അടുത്തുള്ള ഇരവിപുരം റെയില്‍വേ ഗേറ്റിന് സമീപത്ത് നിന്ന് പിടികൂടുകയായിരുന്നു. ഹര്‍ത്താല്‍ ദിവസം രാവിലെ ഏഴര മണിക്കാണ് സംഭവമുണ്ടായത്.

ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ഇയാള്‍ കടകളടപ്പിക്കുകയും വഴിയാത്രക്കാരെ അസഭ്യം പറയുകയും ചെയ്തിരുന്നു. ഇത് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പിടികൂടാന്‍ ശ്രമിക്കുമ്പോള്‍ വെട്ടിച്ച് കടക്കുകയും ഇതിനിടെ അവിടേക്ക് ഇരുചക്ര വാഹനത്തില്‍ വന്ന രണ്ട് പോലീസുകാരെ ഇടിച്ച് വീഴ്ത്തുകയുമായിരുന്നു.

പോലീസുകാരില്‍ ഒരാള്‍ ഇരവിപുരം പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആന്റണിയെന്ന ഉദ്യോഗസ്ഥനായിരുന്നു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. മൂക്കിലെ എല്ല് പൊട്ടിയ ആന്റണിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.

എന്നാല്‍ സംഭവത്തിന് ശേഷം താനല്ല അപകടമുണ്ടാക്കിയതെന്നും പോലീസുകാര്‍ തന്റെ വാഹനത്തിലേക്ക് വന്ന് ഇടിക്കുകയായിരുന്നുവെന്നും ഇയാള്‍ സിറ്റി പോലീസ് കമ്മീഷണറെ വിളിച്ചറിയിക്കുകയും ഇമെയില്‍ സന്ദേശം അയച്ച് വിശദീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പോലീസ് തിരയുന്നുവെന്ന് മനസ്സലാക്കിയ ഷംനാദ് ഒളിവില്‍ പോകുകയായിരുന്നു.

Related posts:

Leave a Reply

Your email address will not be published.