നിര്‍ണായക നീക്കങ്ങളുമായി അശോക് ഗെഹ്ലോട്ട്; കേരളത്തിലെത്തി രാഹുൽ ഗാന്ധിയെ കാണും
1 min readന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങളുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഉടൻ തന്നെ അദ്ദേഹം ദില്ലിയിലെത്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് വൈകീട്ടോടെ കേരളത്തിലെത്തി രാഹുൽ ഗാന്ധിയെ കാണും. അധ്യക്ഷ സ്ഥാനത്തേക്ക് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി അശോക് ഗെഹ്ലോട്ടിന്റെ പേര് ഹൈക്കമാന്റ് ഗൗരവമായി പരിഗണിക്കുന്ന ചർച്ചകൾക്കിടെയാണ് ഗെഹ്ലോട്ടിന്റെ നീക്കം. അധ്യക്ഷ സ്ഥാനവും രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനവും ഒരുമിച്ച് വഹിക്കാൻ അനുവദിക്കണമെന്നതാണ് ഗെഹ്ലോട്ടിന്റെ നിലപാട്. ഇല്ലെങ്കിൽ താൻ നിർദ്ദേശിക്കുന്നയാളെ അധ്യക്ഷനാക്കണമെന്ന നിർദ്ദേശവും ഗെഹ്ലോട്ട് മുന്നോട്ട് വെയ്ക്കുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നത് തടയിടുകയെന്നതാണ് ഗെഹ്ലോട്ടിന്റെ ലക്ഷ്യം. എന്നാൽ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ കൂടുതൽ ഉപാധികൾ വെച്ച് ഹൈക്കമാന്റിനെ ഗെഹ്ലോട്ട് സമ്മർദ്ദത്തിലാക്കിയേക്കുമെന്നാണ് സൂചന.
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബാംഗങ്ങൾ മത്സരിക്കാനില്ലെന്ന് സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. രാഹുൽ ഗാന്ധിയ്ക്ക് മേൽ കൂടുതൽ പി സി സികൾ സമ്മർദ്ദം ചെലുത്തുമ്പോഴും അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ അദ്ദേഹം മൗനം തുടരുകയാണ്. ഈ സാഹചര്യത്തിൽ ഗെഹ്ലോട്ട് എന്ന പേരിലെത്തി നിൽക്കുകയാണ് ഹൈക്കമാന്റ്. നേരത്തേ തന്നെ ഗെഹ്ലോട്ടുമായുള്ള അധികാര തർക്കത്തെ തുടർന്ന് വിമത നീക്കം നടത്തിയ നേതാവാണ് സച്ചിൻ. തന്റെ പക്ഷത്തുള്ള എം എൽ എമാരുമായി റിസോർട്ടിലേക്ക് മാറി അദ്ദേഹം നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. പിന്നീട് പ്രിയങ്ക ഗാന്ധി ഉൾപ്പെടെ ഇടപെട്ട് കൊണ്ടായിരുന്നു സച്ചിനെ തിരികെ എത്തിച്ചത്. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് യുവ നേതാവായ സച്ചിൻ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണ് പാർട്ടിയിലെ ഒരുവിഭാഗം. ഹൈക്കമാന്റിനും ഇക്കാര്യത്തിൽ അനുകൂല നിലപാടുണ്ട്.
സച്ചിനെ വീണ്ടും തഴയുന്ന സാഹചര്യം ഉണ്ടായാൽ സച്ചിൻ ക്യാമ്പിൽ നിന്നും വീണ്ടും വിമത നീക്കം പ്രതീക്ഷിച്ചേക്കാം. ചൊവ്വാഴ്ച രാത്രി അശോക് ഗെഹ്ലോട്ട് തന്റെ അനുയായികളായ എം എൽ എമാരുടെ യോഗം വിളിച്ച് ചേർത്തിരുന്നു. രാത്രി വൈകിയായിരുന്നു യോഗം. ദില്ലിയിലെ ചർച്ചകൾക്കിടെയുണ്ടായ ഈ നീക്കം അസാധാരണമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെയും യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേസമയം ഗെഹ്ലോട്ടിന് പകരക്കാരനായി സച്ചിനെ ഹൈക്കമാന്റ് പരിഗണിച്ചില്ലെങ്കിൽ രാജസ്ഥാൻ കോൺഗ്രസിൽ അത് വലിയ പൊട്ടിത്തെറിക്ക് കാരണമായേക്കുമെന്ന കാരണമാകും. സച്ചിന് തടയിടാൻ ഗെഹ്ലോട്ട് പതിനെട്ടടവും പയറ്റിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും നടത്തുന്ന ചർച്ച ശേഷമായിരിക്കും ഗെഹ്ലോട്ട് നിർണായക തീരുമാനം പ്രഖ്യാപിച്ചേക്കുക. അതിനിടെ മത്സരം സംബന്ധിച്ച് ജി 23 യിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. രാഹുൽ ഗാന്ധി മത്സരിച്ചാൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് ശശി തരൂർ. ആര് മത്സരിച്ചാലും മത്സരിക്കാൻ തയ്യാറാണെന്നാണ് കൂട്ടായ്മയിലെ മറ്റൊരു നേതാവായ മനീഷ് തിവാരിയുടെ നിലപാട്.