‘ഋഷിയെക്കുറിച്ചോര്‍ത്ത് അഭിമാനം’
വിജയാശംസ നേര്‍ന്ന് നാരായണ മൂര്‍ത്തി
1 min read
ന്യൂഡല്‍ഹി ബ്രിട്ടിഷ് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന ഋഷി സുനക്കിനെ അഭിനന്ദിച്ച് ഭാര്യാപിതാവും ഇന്‍ഫോസിസ് സഹസ്ഥാപകനുമായ എന്‍.ആര്‍.നാരായണ മൂര്‍ത്തി. ഋഷിയെക്കുറിച്ച് അഭിമാനമുണ്ടെന്നും എല്ലാവിധ വിജയങ്ങള്‍ നേരുന്നുവെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. യുകെയിലെ ജനങ്ങള്‍ക്ക് ഋഷി ഏറ്റവും മികച്ച സേവനം നല്‍കുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാരായണമൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ.
ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്നു ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ബക്കിങ്ഹാം പാലസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും സ്ഥാനമേല്‍ക്കുക. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസും രാവിലെ രാജാവിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് 10.15ന് ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു മുന്നില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. ഇതിനു തൊട്ടുപിന്നാലെയാകും ഋഷി സുനക് രാജാവിനെ സന്ദര്‍ശിക്കുക.
ബക്കിങ്ഹാം പാലസില്‍നിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തുന്ന പുതിയ പ്രധാനമന്ത്രി, 11.35ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.ഉച്ചയ്ക്കുശേഷം കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാകുമെന്നാണ് വിവരം.