ജമീഷ മുബിന്‍ കേരളത്തില്‍ വന്നത് അംജദ് അലിയെ കാണാന്‍, വിയ്യൂര്‍ ജയിലില്‍ നല്‍കിയത് മലപ്പുറത്തെ വിലാസം

1 min read

തൃശൂര്‍ : കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂര്‍ ജയിലിലുള്ള എന്‍ഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധം. ജമീഷ മുബിന്‍ കേരളത്തിലെത്തിയത് അംജദ് അലിയെ കാണാനായിരുന്നുവെന്ന് സ്ഥിരീകരിച്ചു. 2020 ഒക്ടോബര്‍ അഞ്ചിനാണ് ജമീഷ മുബിന്‍ കേരളത്തിലെത്തിയത്. വിയ്യൂരില്‍ അംജദ് അലിയെ പാര്‍പ്പിച്ചിട്ടുള്ള അതീവ സുരക്ഷാ ജയിലില്‍ മലപ്പുറത്തെ വിലാസമാണ് ഇയാള്‍ നല്‍കിയതെന്നാണ് ജയില്‍ രേഖകളില്‍ നിന്നും വ്യക്തമായത്. നേരത്തെ ശ്രീലങ്ക സ്‌ഫോടന കേസിലെ പ്രതി മുഹമ്മദ് അസ്ഹറുദ്ദിനെയാണ് ഇയാള്‍ ജയിലില്‍ സന്ദര്‍ശിച്ചതെന്ന് സംശയിച്ചിരുന്നെങ്കിലും അതുണ്ടായിട്ടില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോയമ്പത്തൂരില്‍ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാറില്‍ സ്‌ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമീഷ മുബിന്‍ എന്നയാള്‍ കൊല്ലപ്പെട്ടു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് നേരത്തെ എന്‍ഐഎ ചോദ്യംചെയ്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജമീഷ മുബിന്‍. കാറില്‍ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാവേറാക്രമണമെന്നും തീവ്രവാദബന്ധമെന്ന നിലയിലേക്കും അന്വേഷണമെത്തിയത്. കേസില്‍ ആറ് സംഘങ്ങളാണ് തമിഴ്‌നാട് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീന്‍ തുടങ്ങി ജമീഷ മുബിനുമായി ബന്ധമുളളവരാണ് അറസ്റ്റിലായവര്‍. തീവ്രവാദ ബന്ധത്തിന്റെ സൂചനകള്‍ ലഭിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുത്തേക്കുമെന്നാണ് വിവരം.

അതേ സമയം രണ്ട് തവണ സ്‌ഫോടനമുണ്ടായതായാണ് പ്രദേശവാസിയായ ദൃക്‌സാക്ഷി സുന്ദരനാഥന്‍ വിശദീകരിക്കുന്നത്. പുലര്‍ച്ചെ ഏകദേശം 3. 45 നാണ് സ്‌ഫോടനമുണ്ടായത്. ദീപാവലി പടക്കമാകാം പൊട്ടിയതെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ ശബ്ദത്തില്‍ അസ്വാഭാവികത തോന്നിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങി നോക്കിപ്പോഴാണ് കാറ് കത്തുന്നത് കണ്ടതെന്നു അദ്ദേഹം വിശദീകരിച്ചു. രണ്ടാമത്തെ സ്‌ഫോടനത്തില്‍ കാറ് രണ്ടായി പിളര്‍ന്നു. തീ ആളുന്നത് കണ്ടതോടെ, ഉടനെ ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിച്ചു. പൈപ്പില്‍ വെള്ളം എടുത്ത് തീ അണയ്ക്കാനും ശ്രമിച്ചു. വൈകാതെ ഫെയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചതെന്നും ദൃക്‌സാക്ഷി വിശദീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.