ശത്രുപാളയത്തില്‍ അഭയം തേടുമെന്ന് കരുതിയോ ഇത് ജെനുസു വേറെയെന്ന് കെ.എം ഷാജി
1 min read
മസ്‌കറ്റ്: വിമര്‍ശനം വന്നാല്‍ താന്‍ പാര്‍ട്ടി വിട്ടുപോകുമെന്ന് കരുതേണ്ടെന്ന് കെ.എം ഷാജി. തനിക്കെതിരെ പാര്‍ട്ടിയോഗത്തില്‍ വിമര്‍ശനം ഉണ്ടായിട്ടില്ലെന്നും ഇനി വിമര്‍ശനങ്ങള്‍ ഉണ്ടായാല്‍ തന്നെ പാര്‍ട്ടി വിട്ട് ശത്രുപാളയത്തില്‍ പോയി ആനുകൂല്യങ്ങള്‍ കൈപറ്റുന്നവന്‍ അല്ലെന്നും മരണം വരെ ലീഗുകാരനായിക്കുമെന്നും കെ.എം ഷാജി വ്യക്തമാക്കി. മസ്‌കറ്റ് കെ.എം.സി.സി അല്‍ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഉദയം 2022 ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കുഞ്ഞാലിക്കുട്ടി വിഭാഗം നേതാക്കള്‍ പാര്‍ട്ടി യോഗത്തില്‍ വെച്ച് കെ.എം ഷാജിയെ വിമര്‍ശിച്ചിരുന്നു. . ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേതാക്കന്‍മാര്‍ക്കിടയില്‍ ചര്‍ച്ചകള്‍ ഉണ്ടാകുന്നുണ്ട്. ആലോചനകള്‍ ഉണ്ടാകുന്നുണ്ട്. നേതാക്കന്‍മാര്‍ തമ്മില്‍ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാറുണ്ട്. അവരാണ് ഈ ഐഡിയോളജി രൂപീകരിക്കേണ്ടത്. അതിന് തര്‍ക്കം എന്നാണോ പറയുക. ഇന്നലെ മുസ്ലീം ലീഗിന്റെ യോഗത്തിനകത്ത് കെ.എം ഷാജിയ്‌ക്കെതിരെ വലിയ വിമര്‍ശനം എന്ന വാര്‍ത്ത വന്നു. എല്ലാ ചാനലും കൊടുത്തു. എനിക്ക് സന്തോഷമായി. കാരണം. ലീഗിനകത്ത് അങ്ങനെ ആളുകളെ വിമര്‍ശിക്കുന്ന പണിയൊക്കെ ഉണ്ടല്ലോ.
ബിരിയാണി മാത്രം തിന്നുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. നേതാക്കന്‍മാരെ കുറിച്ച് വിമര്‍ശിക്കുന്നുണ്ടെന്ന് സമ്മതിച്ചല്ലോ. ഞാന്‍ ഇത് കേട്ടയുടനെ ബഹുമാനപ്പെട്ട തങ്ങളെയും നേതാക്കന്‍മാരെയും വിളിച്ചു. ആ യോഗത്തില്‍ അങ്ങനെയൊന്ന് ഉണ്ടായില്ലെന്ന് പാര്‍ട്ടിയുടെ ചുമതലയുള്ള സെക്രട്ടറിയും നേതാക്കന്‍മാരും പറഞ്ഞു. ഇനി ഞാന്‍ ഒന്ന് ചോദിക്കട്ടെ, ആ കമ്മിറ്റി ഒന്നാകെ എന്നെ വിമര്‍ശിച്ചുവെന്ന് കരുതുക. എന്നെ തിരുത്തണമെന്ന് ആ കമ്മിറ്റി തീരുമാനിച്ചു എന്ന് വയ്ക്കുക. അതില്‍ മനം നൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം തേടുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ എന്റെ പാര്‍ട്ടി എന്നെ വിമര്‍ശിച്ചാല്‍ എന്നെ തിരുത്തിയാല്‍, അതല്ല ശരിയെന്ന് പറഞ്ഞാല്‍ അതില്‍ മനം നൊന്ത് ശത്രുപാളയത്തില്‍ ഞാന്‍ അഭയം പ്രാപിക്കുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ.
പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയില്‍ തന്നെയായിരിക്കും ശത്രുവിന്റെ കൂടാരത്തിന്റെ ചായ്പ്പിലായിരിക്കില്ല. അതുകണ്ടിട്ട് ആരെങ്കിലും വെള്ളം തിളപ്പിയ്ക്കാന്‍ വെച്ചിട്ടുണ്ടെങ്കില്‍ ആ അടുപ്പങ്ങ് തീവയ്ക്ക്. ഇത് പാര്‍ട്ടി ലീഗാണ്. ജെനുസുവേറെയുമാണ്. എന്റെ ശ്വാസവും എന്റെ ശക്തിയും എന്റെ ധാരണയും എന്റെ കാഴ്ചപ്പാടുകളും എന്നെ ഞാന്‍ ആക്കിയതും അര്‍ധചന്ദ്രതാരാങ്കിതമായ ഹരിതപതാകയാണ്. ശത്രുവിന്റെ പാളയത്തില്‍ പോയി അടയിരുന്നു കിട്ടുന്ന ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ കൂട്ടത്തില്‍ കെ.എം ഷാജി ഉണ്ടാകില്ല, ഒരു ലീഗുകാരനും ഉണ്ടാകില്ല. അതുകൊണ്ട് ആ കളി ഇങ്ങോട്ടുവേണ്ട. എന്റെ അടുത്ത് വേണ്ട-ഷാജി പറയുന്നു.