ചെറു പുഞ്ചിരിയുമായി ഹുസൈന്‍ ഇനി എത്തില്ല; നാടിന്റെ യാത്രാമൊഴി

1 min read

കോഴിക്കോട് : കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെ (Palappilly Wild Elephant Attack) കാട്ടാനയുടെ അടിയേറ്റ് മരിച്ച വനം വകുപ്പ് ദ്രുതകര്‍മ്മ സേനാംഗം ഹുസൈന്‍ കല്‍പ്പൂരിന് മലയോരത്തിന്റെ അന്ത്യയാത്രാമൊഴി (Hussain Kalpoor). മുക്കത്തിനടുത്ത കാരമൂല കല്‍പ്പൂര്‍ സ്വദേശിയായ ഹുസൈന്റെ (32) ഖബറടക്കം കാരമൂല ജുമാമസ്ജിദില്‍ ഇന്നലെ രാത്രി വൈകിയാണ് നടന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍. കൂടരഞ്ഞിയില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി പേര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു. വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വനം വകുപ്പ് ആര്‍ആര്‍ടി സംഘത്തിലെ പ്രധാനിയും സംഘത്തിനു നേതൃത്വം നല്‍കുന്ന ഫോറസ്റ്റ് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ വലംകൈയായിരുന്നു ഹുസൈന്‍. ഹുസൈന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമായി അഞ്ചു ലക്ഷം രൂപ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്ന് കൈമാറും.

പാലപ്പിള്ളിക്കടുത്ത് പത്തായപ്പാറയില്‍ കാടിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്തുന്നതിനിടെയാണ് വനം വകുപ്പിലെ താത്കാലിക വാച്ചറായ ഹുസൈനെ കാട്ടാന ആക്രമിച്ചത്. ഇക്കഴിഞ്ഞ നാലിനായിരുന്നു സംഭവം. തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് ഹുസൈന് ഗുരുതരമായി പരിക്കേറ്റത്. വാരിയെല്ലുകള്‍ തകര്‍ന്ന് ശ്വാസകോശത്തിന് ക്ഷതമേറ്റതിനാല്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയും കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു.

പാമ്പുകളെ പിടികൂടുന്നതില്‍ വിദഗ്ധനായിരുന്ന ഹുസൈന്‍ ഇങ്ങനെയാണ് വനം വകുപ്പില്‍ താത്കാലിക ജീവനക്കാരനാകുന്നത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലെത്തി രാജവെമ്പാല ഉള്‍പ്പെടെയുള്ള പാമ്പുകളെ പിടികൂടിയിട്ടുണ്ട്. ഏതുസമയത്തും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങാന്‍ മടിയില്ലാത്ത ധൈര്യശാലിയായിരുന്നു ഹുസൈന്‍. പ്രളയകാലത്തുള്‍പ്പെടെ സേവനപ്രവര്‍ത്തനവുമായി രംഗത്തുണ്ടായിരുന്നു.

അഞ്ചുവര്‍ഷം മുമ്പ് വയനാട്ടിലെ ജനവാസ മേഖലയിലിറങ്ങിയ കല്ലൂര്‍ കൊമ്പന്‍, വടക്കനാട് കൊമ്പന്‍ എന്നിവയെ പിടികൂടിയ സംഘത്തില്‍ ഹുസൈന്‍ ഉണ്ടായിരുന്നു. മയക്കുവെടിയേറ്റു നിന്ന വടക്കനാട് കൊമ്പന്റെ പുറത്തുകയറി റേഡിയോ കോളര്‍ ഘടിപ്പിച്ചത് ഹുസൈനായിരുന്നു. കാട്ടാനകളുടെയും കടുവകളുടെയും നീക്കം നിരീക്ഷിക്കുന്നതിലും അവയെ കണ്ടെത്തുന്നതിലും പ്രത്യേക മിടുക്ക് ഹുസൈനുണ്ടായിരുന്നു. അപകടഭീഷണിയേറെയുള്ള ജോലിയായിട്ടും ഹുസൈന്‍ ഏറെ ഇഷ്ടത്തോടെയാണ് ഇതു ചെയ്തുപോന്നത്. അപകടസാധ്യതകളെക്കുറിച്ച് ഉപദേശിക്കുന്നവര്‍ക്കുള്ള മറുപടി ചെറിയൊരു പുഞ്ചിരിയില്‍ ഒതുക്കും. അതുകൊണ്ടുതന്നെ രക്ഷകവേഷത്തില്‍ ഹുസൈന്‍ ഇനി എത്തില്ലെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാകാതെ നില്‍ക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.

പരേതനായ പാലൂര്‍ ഇബ്രാഹിമിന്റെയും ഫാത്തിമയുടെയും മകനാണ് ഹുസൈന്‍. ഭാര്യ അന്‍ഷിദ (കൂമ്പാറ). എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായ അംന ഷെറിന്‍, എല്‍കെജി വിദ്യാര്‍ഥിയായ ഹാഷിഖ് മുഹമ്മദ് എന്നിവരാണ് മക്കള്‍.

Related posts:

Leave a Reply

Your email address will not be published.