തമിഴ്‌നാട്ടില്‍ വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരായ ജീവനക്കാര്‍ക്കും പ്രസവാവധി; ഉത്തരവിറങ്ങി

1 min read

ചെന്നൈ: വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച നവജാതശിശുക്കളെ പരിപാലിക്കുന്നതിനായി വനിതാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമപരമായ റജിസ്‌ട്രേഷന്‍, ഡോക്ടറുടെ സാക്ഷ്യപത്രം എന്നിവ ഉള്‍പ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് അവധി അനുവദിക്കുക. രണ്ടു കുട്ടികള്‍ക്കു വരെ ഇത്തരത്തില്‍ അവധി അനുവദിക്കും. കുട്ടിയുടെ ജനനത്തീയതി മുതല്‍ അവധിക്ക് അര്‍ഹതയുണ്ട്.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാര്‍ക്കും അവധിക്ക് അര്‍ഹതയുണ്ട്. വാടകഗര്‍ഭധാരണ പ്രക്രിയയില്‍ സ്ത്രീകള്‍ക്ക് ചികില്‍സാ സമയം ആവശ്യമില്ലാത്തതിനാല്‍ സാധാരണ പ്രസവങ്ങള്‍ക്ക് അനുവദിക്കുന്ന തരത്തില്‍ 375 ദിവസത്തെ പ്രസവാവധി അനുവദിക്കാനാവില്ലെന്നും ഉത്തരവിലുണ്ട്.

2022 ഏപ്രിലിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെ പരിചരിക്കാന്‍ ജീവനക്കാര്‍ക്ക് അവധി അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. താരദമ്പതികളായ നയന്‍താരയും വിഘ്‌നേഷ് ശിവനും വാടകഗര്‍ഭധാരണം വഴി മാതാപിതാക്കളായതിനു പിന്നാലെയാണു വിഷയം കൂടുതല്‍ ചര്‍ച്ചയായത്.

Related posts:

Leave a Reply

Your email address will not be published.