ജി-23യിൽ അഭിപ്രായ വിത്യാസം രൂക്ഷം; തരൂരിനെതിരെ മനീഷ് തിവാരി
1 min readന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ജി-23യിൽ അഭിപ്രായ വിത്യാസം രൂക്ഷമായെന്ന് സൂചന. ജി 23യിലെ രണ്ടു പേര് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് അഭിപ്രായവ്യത്യാസം വെളിയില്‍ വന്നത്. ഗാന്ധി കുടുംബാംഗം അധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ മത്സരത്തില്‍ നിന്ന് പിന്മാറാമെന്ന തരൂരിന്റെ പ്രസ്താവനയാണ് ജി-23യിലെ ഒരു വിഭാഗത്തിന് കടുത്ത അതൃപ്തി ഉണ്ടാക്കിയത്. ശശി തരൂര്‍ സമവായ സ്ഥാനാര്‍ഥിയാവാന്‍ ശ്രമിച്ചാല്‍ തരൂരിനെതിരെ വിമത വിഭാഗത്തിലെ പ്രധാനിയായ മനീഷ് തിവാരി മത്സരിച്ചേക്കുമെന്ന സൂചനയും ശക്തമാണ്.
നേരത്തെ, രാഹുല്‍ ഗാന്ധിയോ നെഹ്റു കുടുംബത്തിന്റെ അടുപ്പക്കാരോ അധ്യക്ഷനാവാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് എതിരെ മത്സരിക്കുമെന്നും മനീഷ് തിവാരി അറിയിച്ചിരുന്നു. എന്നാല്‍ സോണിയയും പ്രസ്താവനയുമായി രംഗത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ഥികളില്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞത്. മത്സരിക്കുന്ന എല്ലാവരെയും ഒരേ പോലെ പരിഗണിക്കും. തന്റെ സന്ദേശം പാര്‍ട്ടിയുടെ താഴേതട്ടിലേയ്ക്ക് എത്തിക്കാനും സോണിയ നിര്‍ദേശം നല്കി.
രാഹുല്‍ ഗാന്ധി അധ്യക്ഷനാകണമെന്നാവശ്യപ്പെട്ട് പല ഡിസിസികളും പ്രമേയം പാസാക്കിയ പശ്ചാത്തലത്തിലാണ് സോണിയ നിലപാട് വ്യക്തമാക്കിയത്. ഗാന്ധി കുടുംബം സ്ഥാനാര്‍ഥിയാക്കുന്ന ആളെ പിന്തുണയ്ക്കാന്‍ കേരള ഘടകമുള്‍പ്പെടെ തീരുമാനമെടുത്തിരുന്നു.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ശശി തരൂർ എംപിയും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് നിലവിലെ സൂചന. പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കണമെങ്കിൽ താൻ നിർദ്ദേശിക്കുന്നയാളെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനത്ത് കൊണ്ടുവരണമെന്ന് ഉൾപ്പടെയുള്ള നിർദ്ദേശങ്ങൾ ഗെഹ്ലോട്ട് സോണിയയ്ക്ക് മുന്നിൽ വച്ചുവെന്നും റിപ്പോർട്ടുണ്ട്. അത് പക്ഷെ ഹൈക്കമാന്‍ഡിന് സമ്മതമല്ലെന്നാണ് സൂചന.
ഒക്ടോബര്‍ 17-നാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി അടുത്ത ദിവസം തന്നെ വിജ്ഞാപനം പുറത്തിറങ്ങും. കഴിഞ്ഞ ദിവസം വോട്ടർ പട്ടികയും പുറത്തിറങ്ങിയിരുന്നു. വോട്ടവകാശം ഉള്ളവർക്ക് മാത്രമാണ് വോട്ടർ പട്ടിക കാണാൻ കഴിയുക.