കേരള വിസി: സേർച്ച് കമ്മിറ്റി പ്രതിനിധിയുടെ പേര് അറിയിക്കാൻ ഗവർണറുടെ നിര്‍ദ്ദേശം

1 min read

തിരുവനന്തപുരം: കേരള സർവകലാശാലയുടെ പുതിയ വൈസ് ചാൻസലറെ നിയമിക്കാൻ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് അടിയന്തരമായി അറിയിക്കാൻ ഗവർണർ കേരള വിസിക്ക് നിർദേശം നൽകി. ഒക്ടോബർ 24നാണ് നിലവിലെ വിസിയുടെ കാലാവധി അവസാനിക്കുന്നത്. അംഗങ്ങളെ നിർദേശിച്ചില്ലെങ്കിൽ ഗവർണർ നിയമന നടപടികളുമായി മുന്നോട്ടു പോകാനാണ് സാധ്യത.

കഴിഞ്ഞ ജൂലൈ 15ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്‍മാറി. പകരക്കാരനെ സർവകലാശാല നൽകാത്തതുകൊണ്ട് മൂന്നംഗ സേർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് 5ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടാൻ ഗവർണർക്ക് അധികാരമുണ്ട്.

എന്നാൽ, ഇതുവരെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി നടപടി കൈകൊണ്ടിട്ടില്ല. പുതിയ സർവകലാശാല നിയമഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നിയമഭേദഗതിക്കു ഗവർണർ അനുമതി നൽകാത്തതിനാൽ നിലവിലെ നിയമമനുസരിച്ചു സെനറ്റിന്റെ പ്രതിനിധിയെയാണു സേർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്. കോഴിക്കോട് ഐഐഎം ഡയറക്ടർ ഡോ. ദേബാഷിഷ് ചാറ്റർജി, കർണാടക കേന്ദ്ര സർവകലാശാല വൈസ് ചാൻസലർ ഡോ. ബട്ടു സത്യനാരായണ എന്നിവരാണ് സേർച്ച് കമ്മിറ്റിയിലെ അംഗങ്ങൾ.

Related posts:

Leave a Reply

Your email address will not be published.