പാന്റിനുള്ളില്‍വെച്ച് പെരുമ്പാമ്പുകളെ കടത്തി; യുഎസ് പൗരന്‍ പിടിയില്‍
1 min readന്യൂയോര്‍ക്ക്: പാന്റിനുള്ളില്‍വെച്ച് പെരുമ്പാമ്പുകളെ കടത്തിയ ആള്‍ പിടിയില്‍. മൂന്നു ബര്‍മീസ് പെരുമ്പാമ്പുകളെ യുഎസ്-കാനഡ അതിര്‍ത്തി കടത്തിയ അമേരിക്കന്‍ പൗരനെയാണ് പിടികൂടിയത്. കാല്‍വിന്‍ ബൗടിസ്റ്റ എന്ന ആളാണ് യുഎസ് പോലീസിന്റെ പിടിയിലായത്. 20 വര്‍ഷംവരെ ജയില്‍ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഇയാള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.
കാനഡയില്‍നിന്ന് മൂന്ന് ബര്‍മീസ് പെരുമ്പാമ്പുകളെ പാന്റിനുള്ളില്‍ ഒളിപ്പിച്ച് ബസില്‍ അതിര്‍ത്തി കടക്കുകയായിരുന്നു ഇയാള്‍. പരിശോധന നടത്തിയ കസ്റ്റംസ് വിഭാഗം ഇയാളുടെ വസ്ത്രത്തിനു പുറത്തേക്ക് അസാധാരണമായി തള്ളിനില്‍ക്കുന്നതായി കണ്ടതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ തുണികൊണ്ടുള്ള സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ മൂന്ന് പെരുമ്പാമ്പുകളെ വസ്ത്രത്തിനുള്ളില്‍ കണ്ടെത്തി.
ലോകത്തിലെ വലിപ്പമേറിയ പാമ്പുകളിലൊന്നാണ് ബര്‍മീസ് പെരുമ്പാമ്പുകള്‍. ഏഷ്യന്‍ മേഖലയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവിവര്‍ഗവുമാണ് ഇവ. ബര്‍മീസ് പെരുമ്പാമ്പുകളെ കടത്തുന്നത് യുഎസ്സില്‍ നിയമവിരുദ്ധമാണ്. ബൗട്ടിസ്റ്റയെ ന്യൂയോര്‍ക്ക് തലസ്ഥാനമായ അല്‍ബാനിയിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.