കോടികളുടെ ലഹരി കടത്തിയ വിജിന് വേറെയും കമ്പനികള്‍; അടിമുടി പരിശോധനയുമായി ഡിആര്‍ഐ

1 min read

കൊച്ചി: പഴം ഇറക്കുമതിയുടെ മറവിൽ കോടികളുടെ ലഹരി കടത്തിയ കേസിൽ പിടിയിലായ മലയാളി വിജിൻ വർഗീസിന്റെ പേരിൽ കേരളത്തിലേയ്ക്കെത്തിച്ച കണ്ടെയ്നറുകളുടെ വിവരങ്ങൾ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ശേഖരിക്കുന്നു. ഇയാളുടെ പേരിൽ വേറെയും കമ്പനികളുണ്ടെന്നു കണ്ടെത്തിയതോടെയാണ് എത്ര കണ്ടെയ്നറുകൾ എത്തി, അവയുടെ സ്വഭാവം തുടങ്ങിയവ പരിശോധിക്കുന്നത്.

502 കോടി രൂപയുടെ ലഹരി കടത്തിയെന്ന മറ്റൊരു കേസിൽ കൂടി വിജിനെ ഡിആർഐ അറസ്റ്റു ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കയിൽ നിന്നു ഗ്രീൻ ആപ്പിൾ ഇറക്കുമതി ചെയ്തതിന്റെ മറവിൽ 50 കിലോഗ്രാം കൊക്കെയ്ൻ കടത്തിയെന്ന കേസിലാണ് അറസ്റ്റ്. ആപ്പിൾ പെട്ടികൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു ലഹരി കടത്ത്. ആദ്യ കേസിൽ അറസ്റ്റിലിരിക്കെയാണ് രണ്ടാമത് മറ്റൊരു കേസിൽ അറസ്റ്റു രേഖപ്പെടുത്തിയത്.

1476 കോടി രൂപ വിലമതിക്കുന്ന ലഹരി ഇന്ത്യയിലേയ്ക്കു കടത്തിയ കേസിൽ ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നെന്ന വിജിൻ വർഗീസിന്റെയും മന്‍സൂറിന്റെയും വാദം ഡിആര്‍ഐ അംഗീകരിച്ചിട്ടില്ല. ഇവര്‍ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്.

കേരളത്തിൽ വിജിന്റെ പേരിലുള്ള സ്ഥാപനങ്ങളിൽ പഴങ്ങൾ കുറഞ്ഞ വിലയ്ക്കു വിറ്റിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം ആർഒസിയിൽ വിജിന്റെ പേരിൽ മറ്റൊരു കമ്പനി കൂടി റജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ അന്വേഷണസംഘം തിരയുന്ന കൂട്ടാളിയായ മലപ്പുറം സ്വദേശി മൻസൂർ തച്ചമ്പറമ്പിന്റെ ദക്ഷിണാഫ്രിക്കയിലെ കമ്പനിയുടെ പേരിലാണ് കേരളത്തിൽ വിജിൻ ഡയറക്ടറായ ഒരു കമ്പനി കൂടിയുള്ളത്. മോര്‍ ഫ്രഷ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. മൻസൂറിന്റെ കമ്പനി മോർ ഫ്രഷ് ഇന്റർനാഷനൽ എന്ന പേരിലാണ് ദക്ഷിണാഫിക്കയിൽ റജിസ്റ്റർ ചെയ്തിരിക്കുന്നത്. മൻസൂറിനെ പിടികൂടുന്നതിനായി അന്വേഷണ സംഘം ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.

വിജിന്റെ സഹോദരൻ ജിബിൻ വർഗീസും 2021ൽ റജിസ്റ്റർ ചെയ്ത കമ്പനിയുടെ ഡയറക്ടർ ബോർഡിലുണ്ട്. കാലടിക്കു പുറമേ കൊച്ചി നഗരത്തിൽ രണ്ടിടത്തും കോഴിക്കോട്ട് ഒരിടത്തും വിജിന് സംഭരണശാലകളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിലേയ്ക്കെത്തിയ ചരക്കിന്റെ സ്വഭാവം, വിൽപന്നവിവരങ്ങൾ എല്ലാം അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.

Related posts:

Leave a Reply

Your email address will not be published.