ജി 23 യിലെ പ്രധാന നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്; തരൂര്‍ ഒറ്റപ്പെട്ട അവസ്ഥയില്‍

1 min read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജി 23 യിലെ പ്രധാന നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക്. ഇതോടെ ശശി തരൂര്‍ എം പി ഒറ്റപ്പെട്ട അവസ്ഥയിലായി. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും ഇന്ന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചിരുന്നു. അതേസമയം താന്‍ ജി 23 സ്ഥാനാര്‍ത്ഥി അല്ല എന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം നിരവധി നേതാക്കളുടെ അകമ്പടിയോടെയാണ് ശശി തരൂര്‍ എ ഐ സി സി ആസ്ഥാനത്ത് എത്തി പത്രിക സമര്‍പ്പിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 50 പേരാണ് ശശി തരൂരിന്റെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചിട്ടുള്ളത്.

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കാണ് പിന്തുണ എന്ന് ജി 23 യിലെ പൃഥ്വിരാജ് ചവാന്‍, മനീഷ് തിവാരി, ഭൂപീന്ദര്‍ സിങ് ഹൂഡ, ആനന്ദ് ശര്‍മ്മ എന്നിവര്‍ പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു. ഹൈക്കമാന്റിന്റെ സ്ഥാനാര്‍ത്ഥിയായാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിലയിരുത്തുന്നത്. നേരത്തെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു .

തനിക്ക് 23 പേരുടെ അല്ല, 9000 പേരുടെ പിന്തുണയും വേണമെന്നാണ് ശശി തരൂര്‍ പറയുന്നത്. താന്‍ ജി 23 യുടെ സ്ഥാനാര്‍ത്ഥി അല്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് സോണിയാ ഗാന്ധി അറിയിച്ചിട്ടുണ്ട് എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഗാന്ധി കുടുംബം നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നത് എന്നും ശശി തരൂര്‍ പറഞ്ഞിരുന്നു. തരൂര്‍ നേരത്തെ തന്നെ മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. എതിരാളികളുടെ ചിത്രമാണ് മാറിമറിഞ്ഞത്.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആദ്യം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ തട്ടി അശോക് ഗെലോട്ടിന്റെ സാധ്യത മങ്ങുകയായിരുന്നു. പിന്നീട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിന്റെ പേരും മത്സരസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടു. എന്നാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മത്സരിക്കാന്‍ സാധ്യത ഏറിയതോടെ ദിഗ് വിജയ് സിംഗ് സ്വയം മത്സരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. മത്സരിച്ച് തോറ്റാലും ശശി തരൂര്‍ പ്രവര്‍ത്തകസമിതിയിലേക്ക് എത്തിയേക്കും.

Related posts:

Leave a Reply

Your email address will not be published.