പ്രണയം നിരസിച്ചതിന് പക; കൊല്ലത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ ബ്ലേഡുമായി എത്തി അതിക്രമം നടത്തി യുവാവ്, അറസ്റ്റ്
1 min readകൊല്ലം: കൊല്ലത്ത് പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടില്‍ കയറി അതിക്രമം നടത്തിയ യുവാവ് പിടിയില്‍. മയ്യനാട് സ്വദേശി ഷംനാദിനെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ കയറി ഭീഷണിപ്പെടുത്തുകയും കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ഷംനാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. ന്യൂമാഹിയില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് കൊല്ലത്തും സമാന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പടുന്നത്. പ്രതിയായ ജിനീഷ് ബാബു തന്റെ മകള്‍ പൂജയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്നാണ് മാഹി സംഭവത്തില്‍ അമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. ജിനീഷ് പൂജയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു.
എന്നാല്‍ പൂജ ഇത് നിരസിച്ചു. ഇതിലുള്ള പകയാണ് ആക്രമണത്തിന് പിന്നിലെന്ന് അമ്മ പറഞ്ഞിരുന്നു. ജിനേഷ് ബാബു മകളെ നിരന്തരം ശല്യം ചെയ്തിരുന്നു. മകള്‍ പഠിക്കുന്ന സ്ഥാപനത്തിലേക്കും വീട്ടിലേക്കുമെല്ലാം നിരന്തരം പിന്തുടര്‍ന്നു. ശല്യപ്പെടുത്തരുതെന്നും താല്‍പര്യമില്ലെന്ന് അറിയിച്ചിട്ടും ജിനീഷ് നിരന്തരം മകളെ പിന്തുടര്‍ന്നു. കൂട്ടുകാരെ വിളിച്ച് പെണ്‍കുട്ടി പോകുന്ന സ്ഥലങ്ങള്‍ മനസിലാക്കി അവിടെയുമെത്തി. ശല്യം സഹിക്കവയ്യാതെ മകള്‍ ഇക്കാര്യങ്ങള്‍ എല്ലാം തന്നെ അറിയിച്ചിരുന്നു.
എന്നാല്‍ പെണ്‍കുട്ടിയുടെ ഭാവിയെ കരുതിയാണ് പൊലീസില്‍ പരാതി നല്‍കാഞ്ഞതെന്ന് അമ്മ പറഞ്ഞു. ഇന്നലെ ചെന്നൈയില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഇരുപതുകാരിയെ ഓടുന്ന ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന വാര്‍ത്ത മനുഷ്യ മനസാക്ഷിയെ പിടിച്ചുലച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് സത്യയുടെ വഴിയില്‍ കൊലയാളിയായി സതീഷ് എത്തിയത്. വഴിയില്‍ വച്ചും മൗണ്ട് സ്റ്റേഷനില്‍ വച്ചും ഇയാള്‍ സത്യയെ ശല്യം ചെയ്തു. ഇവര്‍ തമ്മില്‍ തര്‍ക്കവും ഉണ്ടായി. ഇതിന് പിന്നാലെയാണ് സത്യയോട് സതീഷ് കൊടുംക്രൂരതയോടെ പെരുമാറിയത്. പാഞ്ഞുവന്ന ട്രെയിനിന് മുന്നിലേക്ക് സത്യയെ തള്ളിയിടുകയായിരുന്ന കൊലയാളി.