‘ഓണക്കിറ്റിനൊപ്പം സയനൈഡ് തരൂ’; കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം മുടങ്ങി

1 min read

തിരുവനന്തപുരം: വിരമിച്ച കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം മുടങ്ങി. തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് പെന്‍ഷന്‍ വിതരണം മുടങ്ങിയത്. സാങ്കേതിക തകരാറാണ് കാരണം എന്നാണ് വിശദീകരണം. വിതരണം ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെ, പെന്‍ഷന്‍ വിതരണം നിലച്ചത് മുന്‍ ജീവനക്കാരെ പ്രതിസന്ധിയിലാക്കി.

സഹകരണ വകുപ്പുമായുള്ള ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുമാസമായി പെന്‍ഷന്‍ നല്‍കിയിരുന്നില്ല. ഈ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ചതോടെ പതിവില്‍ കൂടുതല്‍ പേര്‍ പണം വാങ്ങാന്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പെന്‍ഷന്‍ വിതരണം നിലച്ചത്. സഹകരണ സ്ഥാപനങ്ങള്‍ വഴി പെന്‍ഷന്‍ നല്‍കുന്നതിലെ സാങ്കേതിക പ്രശ്‌നമാണ് ഇതിനിടയാക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ പ്രശ്‌നം എപ്പോള്‍ പരിഹരിക്കാന്‍ ആകുമോ എന്നും എന്താണ് പ്രതിവിധി എന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 41,000 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കാനുള്ളത്.

പ്രതീക്ഷിച്ച പണം കിട്ടാതെ വന്നതോടെ മുന്‍ ജീവനക്കാരില്‍ പലരും വികാരാധീനരായി. പലരും തളര്‍ന്നിരുന്നു. ഓണക്കിറ്റിനൊപ്പം സയനൈഡ് കൂടി നല്‍കുന്നത് മന്ത്രി ചെയ്യുന്ന ഏറ്റവും വലിയ ഉപകാരമാകുമെന്നായിരുന്നു ഒരു മുന്‍ ജീവനക്കാരന്റെ പ്രതികരണം. തരാമെന്ന് പറഞ്ഞ്, പണം തരാതിരിക്കുമ്പോള്‍ ആള്‍ക്കാര്‍ക്ക് മുഖം നല്‍കാനാകാത്ത അവസ്ഥയാണെന്ന് മറ്റൊരാള്‍ പ്രതികരിച്ചു. പെന്‍ഷന്‍ കിട്ടാതെ വീട്ടിലേക്കില്ലെന്നും സെക്രട്ടേറിയറ്റ് നടയിലേക്ക് പോകുകയാണെന്നും ചിലര്‍ പ്രതികരിച്ചു.

കെഎസ്ആര്‍ടിസിയില്‍ 41,000 പെന്‍ഷന്‍കാരാണുള്ളത്. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വിതരണം രണ്ടുമാസമായി മുടങ്ങിക്കിടക്കുന്നത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെന്‍ഷന്‍ വിതരണം നടത്തുന്നതിന് സഹകരണ കണ്‍സോര്‍ഷ്യം നല്‍കുന്ന പലിശയെ ചൊല്ലിയുള്ള തര്‍ക്കമായിരുന്നു പെന്‍ഷന്‍ വിതരണം വൈകാന്‍ കാരണം. പലിശ നിനക്ക് എട്ടരയില്‍ നിന്ന് എട്ടാക്കി കുറയ്ക്കാന്‍ തയ്യാറായതോടെയാണ് പെന്‍ഷന്‍ വിതരണം വീണ്ടും തുടങ്ങിയത്.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ 103 കോടി രൂപ അടിയന്തരമായി നല്‍കാന്‍ നി!ര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സര്‍ക്കാര്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കിയത്. സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസക്ക് നല്‍കാനാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീല്‍ നല്‍കിയത്. മറ്റ് കോര്‍പ്പറേഷനുകളെ പോലെ ഒരു കോര്‍പ്പറേഷന്‍ മാത്രമാണ് കെഎസ്ആര്‍ടിസി എന്നും അതിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്നാണ് സര്‍ക്കാര്‍ വാദം.

Related posts:

Leave a Reply

Your email address will not be published.