മണിച്ചന്റെ മോചനം; പിഴ ഒഴിവാക്കാനാകില്ലെന്ന് കേരളം; തുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കാനുള്ളത്
1 min readതിരുവനന്തപുരം: മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് സുപ്രീം കോടതിയില്‍ മറുപടി സമര്‍പ്പിച്ച് കേരളം. ശിക്ഷ വിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. പിഴതുക മദ്യദുരന്തത്തിലെ ഇരകള്‍ക്ക് നല്‍കാനുള്ളതാണ്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ് മണിച്ചന്‍. മറ്റു കേസുകളില്‍ നിന്ന് വ്യത്യസ്തമാണ് ഈ കേസ്. പിഴ തുക മരണപ്പെട്ടരുടെ കുടുംബത്തിനും കാഴ്ച്ച നഷ്ടമായവര്‍ക്കും അടക്കം നല്‍കാനാണ് ഹൈക്കോടതി വിധിയെന്നും സംസ്ഥാനം പറഞ്ഞു. ജയില്‍ മോചനത്തിന് 30.45 ലക്ഷം രൂപ കെട്ടിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ മണിച്ചന്റെ ഭാര്യയാണ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തെ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. മൂന്നാഴ്ച്ചകം മറുപടി നല്‍കാനായിരുന്നു നിര്‍ദേശം. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ജെ.ബി പര്‍ഡിവാല എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പിഴ തുക കെട്ടിവച്ചാല്‍ മാത്രമേ മണിച്ചനെ മോചിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെ ജയില്‍ മോചനം വീണ്ടും അനന്തമായി വൈകുന്നു എന്ന് ഉഷയുടെ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
മണിച്ചന്‍ അടക്കം കേസിലെ 33 തടവുകാരെ വിട്ടയച്ചുകൊണ്ട് സ!ര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും മണിച്ചന് പുറത്തിറങ്ങാനായിട്ടില്ല. പിഴയായി ഹൈക്കോടതി വിധിച്ച മുപ്പത് ലക്ഷം രൂപ കെട്ടിവെച്ചാലേ മണിച്ചന് പുറത്തിറങ്ങാനാവൂ. മണിച്ചന്റെ മോചനം സംബന്ധിച്ച് നാല് ആഴ്ച്ചയ്ക്കുള്ളില്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി മെയ് മാസം 20 ന് നിര്‍ദേശിച്ചിരുന്നു.
31 പേര്‍ മരിച്ച കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതിയായിരുന്നു മണിച്ചന്‍. 2000 ഒക്ടോബര്‍ 21 നാണ് കേരളത്തെ നടുക്കിയ കല്ലുവാതുക്കല്‍ ദുരന്തം ഉണ്ടായത്. 31 പേര്‍ മരിച്ചു. ആറ് പേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. 150 പേര്‍ ചികിത്സ തേടി. വീട്ടിലെ ഭൂഗര്‍ഭ അറകളിലാണ് മണിച്ചന്‍ വ്യാജമദ്യം സൂക്ഷിച്ചത്. വീര്യം കൂട്ടാന്‍ വിഷസ്പിരിറ്റ് കലര്‍ത്തിയതാണ് ദുരന്തകാരണം. മണിച്ചനും കൂട്ടു പ്രതികളും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. കൂട്ടുപ്രതി ഹൈറുന്നീസ 2009 ല്‍ ശിക്ഷയ്ക്കിടെ മരിച്ചു. മണിച്ചന്‍ 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കി. മണിച്ചന്റെ സഹോദരന്മാര്‍ക്ക് ശിക്ഷയിളവ് നല്‍കി നേരത്തെ മോചിപ്പിച്ചിരുന്നു.