തോട്ടം തൊഴിലാളി രാഷ്ട്രീയ രംഗത്തും തൊഴിലാളിയായി നിന്നാല്‍ മതിയെന്നതാണ് മണിയുടെ നിലപാട്: എസ് രാജേന്ദ്രന്‍
1 min readമൂന്നാര്‍: മുന്‍ എംഎല്‍എ എസ് രാജേന്ദ്രനെതിരെ കൈകാര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയ എം എം മണിക്ക് രാജേന്ദ്രന്റെ മറുപടി. ഉണ്ട ചോറിന് നന്ദി കാണിക്കാത്ത രാജേന്ദ്രനെ തൊഴിലാളികള്‍ കൈകാര്യം ചെയ്യണമെന്നായിരുന്നു പരാമര്‍ശം. സംഭവം വിവാദമായെങ്കിലും എംഎം മണിയോട് പാര്‍ട്ടി നേത്യത്വം വിശദീകരണം ചോദിച്ചിരുന്നില്ല. ഇതിനിടെയാണ് മറുപടിയുമായി എസ് രാജേന്ദ്രന്‍ രംഗത്തെത്തിയത്. ഇതൊന്നും പറയുന്നത് എം എം മണിയല്ലെന്നും എന്നാല്‍, അദ്ദേഹത്തിന് പുറകില്‍ നിന്ന് ഇത് പറയിക്കുന്നതാണെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു.
‘തോട്ടം തൊഴിലാളികള്‍ രാഷ്ട്രീയ രംഗത്തും തൊഴിലാളികളായി നിന്നാല്‍ മതിയെന്നതാണ് മണിയുടെ തത്വാധിഷ്ഠിത നിലപാട്. എം എം മണിയോട് തനിക്ക് ബഹുമാനക്കുറവില്ലെന്നും എന്നാല്‍ അദ്ദേഹത്തെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്നവരെ കുറിച്ച് അദ്ദേഹത്തിന് തിരിച്ചറിവുണ്ടാകണമെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. എന്റെ നന്ദി കേട് കൊണ്ടല്ല, യൂണിയനില്‍ നിന്നും പാര്‍ട്ടികളില്‍ നിന്നും ആളുകള്‍ കൊഴിഞ്ഞ് പോകുന്നത്.
പെമ്പിളെ ഒരുമെ സമരം വന്നപ്പോഴും മറ്റ് പ്രശ്‌നങ്ങള്‍ വന്നപ്പോഴും പാര്‍ട്ടിയോടുള്ള നന്ദിയോടെ തന്നെയാണ് താന്‍ നിന്നിട്ടുള്ളത്. ആദിവാസി മേഖലയിലും തോട്ടം മേഖലയിലും നന്ദിയോടെ തന്നെയാണ് ഞാന്‍ നടന്നിട്ടുള്ളത്. പാര്‍ട്ടിയോട് ഒരു നന്ദികേടും താന്‍ കാണിച്ചിട്ടില്ലെന്നും എസ് രാജേന്ദ്രന്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. തോട്ടംമേഖലയില്‍ യൂണിയന് അംഗീകാരം ലഭിച്ചതിനും എന്തിന് ഇപ്പോള്‍ വിവാദ പരാമര്‍ശം നടത്താന്‍ അദ്ദേഹം ഉപയോഗിച്ച മൈക്കിന് പോലും തന്റെ അധ്വാനമുണ്ടെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. ചെയ്യാത്ത തെറ്റിന് പാര്‍ട്ടി നടപടി സ്വീകരിച്ച് പുറത്തിരിയിരിക്കുന്ന തന്നെ വീണ്ടും വേട്ടയാടാന്‍ ശ്രമിച്ചാല്‍ മറ്റെതെങ്കിലും വഴി നോക്കേണ്ടിവരുമെന്നും അദ്ദേഹം മൂന്നാറില്‍ പറഞ്ഞു.
പാര്‍ട്ടിയോട് നന്ദികേട് കാണിച്ച എസ് രാജേന്ദ്രനെ വെറുതേ വിടരുതെന്നായിരുന്നു മുന്‍ വൈദ്യുതി മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം എം മണിയുടെ ആഹ്വാനം. മൂന്നാറില്‍ നടന്ന എസ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്റെ 54 ാം വാര്‍ഷിക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു എം എം മണിയുടെ വിവാദ പരാമര്‍ശം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എ രാജയെ തോല്‍പ്പിക്കാന്‍ ശ്രമിച്ച രാജേന്ദ്രനെ ശരിയാക്കണമെന്നും കുട്ടികളെ ഇത് പറഞ്ഞ് പഠിപ്പിക്കണമെന്നും എം എം മണി പറഞ്ഞു. പാര്‍ട്ടിയുടെ ബാനറില്‍ 15 വര്‍ഷം എംഎല്‍എ ആകുകയും അതിന് മുമ്പ് ജില്ലാ പഞ്ചായത്ത് അംഗമാകുകയും ചെയ്ത എസ് രാജേന്ദ്രന്‍, പാര്‍ട്ടിയെ വഞ്ചിക്കുകയാണ് ചെയ്തത്. എസ് രാജേന്ദ്രന്‍ ഉണ്ട ചോറിന് നന്ദി കാണിച്ചില്ലെന്നും എം എം മണി ആരോപിച്ചിരുന്നു.