അക്രമകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുവദിക്കണം; സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ ഹര്‍ജി
1 min readന്യൂഡല്‍ഹി: പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായകളെയും കൊല്ലാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. തെരുവ്നായ വിഷയത്തില്‍ നാളെ ഇടക്കാല ഉത്തരവിറക്കാനിരിക്കെ സുപ്രീംകോടതിയില്‍ കേരളം അപേക്ഷ നല്കി. മനുഷ്യര്‍ക്കിടയില്‍ രോഗം പടര്‍ത്തുന്ന മൃഗങ്ങളെയും പക്ഷികളെയും കൊല്ലാന്‍ നിയമപരമായി അനുവാദമുണ്ട്. എന്നാല്‍ അത്യന്തം അപകടകാരികളായ പേപ്പട്ടികളെ മാത്രം കൊല്ലാന്‍ പാടില്ലെന്ന കേന്ദ്ര നിയമം ശരിയല്ലെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. പട്ടികളുടെ വന്ധ്യംകരണ നടപടികള്‍ക്കായി കുടുംബശ്രീ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടുന്നു.
തെരുവ് നായകളുടെ ആക്രമണം കനത്തിരിക്കുന്ന അടിയന്തര സാഹചര്യം നേരിടാന്‍ പേപ്പട്ടികളെയും പേവിഷബാധ സംശയിക്കുന്നതും അപകടകാരികളായ നായകളെ കൊല്ലുകയാണ് ഉചിത മാര്‍ഗം. ഇതിന് അനുവാദം നല്കി ഇടക്കാല ഉത്തരവിറക്കണമെന്ന് സര്‍ക്കാര്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്നു. തെരുവ് നായകളുടെ വന്ധ്യംകരണത്തിനുള്ള പദ്ധതി നടപ്പാക്കുന്നതില്‍ നിന്ന് കുടുംബശ്രീയെ ഹൈക്കോടതി വിലക്കിയിരിക്കുകയാണ്.
ഇതോടെ എട്ട് ജില്ലകളിലെ വന്ധ്യംകരണ നടപടികള്‍ നിലച്ചു. ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ ലൈസന്‍സില്ലാത്തതാണ് കുടുംബശ്രീയെ വിലക്കിയിതിന്റെ കാരണം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടിയാണ് മൃഗക്ഷേമ ബോര്‍ഡ് ലൈസന്‍സ് നല്‍കാത്തത്. സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച് ലൈസന്‍സ് മാനദണ്ഡങ്ങളില്‍ ഇളവ് നല്കി വന്ധ്യംകരണ നടപടകിള്‍ നടപ്പാക്കാന്‍ കുടുംബശ്രീയെ അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.