കര്‍ണാടകയില്‍ വഴി തടയാന്‍ പോപ്പുലര്‍ ഫ്രണ്ട്; 166പേര് അറസ്റ്റില്‍
1 min readബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വാഹനങ്ങള്‍ തടഞ്ഞവരെ പോലീസ് തല്ലി ഓടിച്ചു. രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് ഏഴ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് കര്‍ണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്സര്‍ പാഷ, അനീസ് അഹമ്മദ്, അബുദുല്‍ വാഹിദ് സേട്ട്, യാസര്‍ അരാഫത്ത് ഹസന്, , മുഹമ്മദ് ഫാറൂഖ്, ഷാഹിദ് നാസര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ഇന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.
ബെംഗളൂരു, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ, മൈസൂരു, ഉത്തര കന്നഡ, കലബുറഗി, ദാവനഗെരെ, റായ്ച്ചൂര്‍. കൊപ്പാള്‍ ജില്ലകളിലായി ഒട്ടേറെയിടങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ഐഐ പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ ഉഡുപ്പിയിലും മംഗളൂരുവിലും മൈസൂരിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസിയുടെ വാഹനം തടഞ്ഞവരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതില്‍ പരിക്കേറ്റ 15 പേര് ആശുപത്രയില്‍ ചികിത്സ തേടി. മൈസൂരിലെ വിവിധ ഇടങ്ങളില്‍ നിന്ന് 36 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മംഗളൂരു നെല്ലിക്കായ് റോഡിലെ എസ്ഡിപിഐ ആസ്ഥാനത്തിന് സമീപവും റോഡ് തടയല്‍ ശ്രമം നടത്തിയിരുന്നു. അറുപതോളം പേരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ നടത്തിയ പ്രതിഷേധത്തില്‍ പോലീസ് ലാത്തി ചാര്‍ജില്‍ അമ്പതില്‍ അധികം പേര്‍ക്ക് പരുക്കുണ്ട്. 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ടൗണില്‍ പ്രതിഷേധത്തിനിറങ്ങിയവരെ പോലീസ് തല്ലി ഓടിച്ചു. 17 പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിക്കേറ്റു. 30 പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഒരിടത്തും റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്താന്‍ പോലീസ് അനുവദിച്ചില്ല. അക്രമം കാണിക്കുന്നവരെ അതേ രീതിയില്‍ അടിച്ചമര്‍ത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.