പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കും; ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കും
1 min readതിരുവനന്തപുരം∙ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതിന് പിന്നാലെ പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫിസുകൾ പൂട്ടി മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങി. കേന്ദ്രനിർദേശത്തിനു പിന്നാലെയാണ് നടപടികളുമായി കേരള സർക്കാർ മുന്നോട്ടു പോകുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ കോഴിക്കോട് സംസ്ഥാന സമിതി ഓഫിസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി എന്നിവിടങ്ങളിലെ ഓഫിസാണ് പൂട്ടുന്നത്.
പോപ്പുലർ ഫ്രണ്ടിനു സംസ്ഥാനത്താകെ 140ലേറെ ഓഫിസുകൾ ഉണ്ടെന്നാണു പൊലീസിന്റെ കണക്ക്. പലയിടത്തും ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. പിഎഫ്ഐയുടെ 17 ഓഫിസുകൾ ആദ്യം പൂട്ടും. നിരീക്ഷിക്കാനുള്ള നേതാക്കളുടെ പട്ടിക എൻഐഎ സംസ്ഥാനത്തിന് കൈമാറി. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലും അറസ്റ്റുമാവാം. നടപടികള്‍ ക്രമീകരിക്കാന്‍ ഡിജിപി സർക്കുലർ ഇറക്കും.
സമൂഹമാധ്യമങ്ങളിൽ അന്വേഷണ ഏജൻസികൾ നിരീക്ഷണം ശക്തമാക്കി. പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും അനുകൂലിച്ചു പ്രവർത്തിക്കുകയോ സമൂഹമാധ്യമങ്ങൾ വഴി പ്രചാരണം നടത്തുകയോ ചെയ്താൽ യുഎപിഎ നിയമപ്രകാരം അറസ്റ്റ് ചെയ്യും. ഇത്തരം പ്രവർത്തകരെ സഹായിക്കുന്നവരും അറസ്റ്റിലാകും.
പിഎഫ്ഐയിൽ നേരിട്ടു സജീവമായി പ്രവർത്തിക്കുന്ന അര ലക്ഷത്തിലേറെ പേർ കേരളത്തിലുണ്ടെന്നാണു സംസ്ഥാന ഇന്റലിജൻസിന്റെ കണക്ക്. അനുബന്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവർ ഇതിനു പുറമേയാണ്. ഡൽഹിയിലും മുംബൈയിലും ജാഗ്രത തുടരുകയാണ്. സംഘടനാപ്രവർത്തനം അവസാനിപ്പിച്ച് രേഖകൾ കൈമാറാൻ നേതാക്കൾക്ക് നിർദേശം നൽകും. പിഎഫ്ഐയ്ക്കെതിരായ നീക്കത്തിനു മുൻപ് സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ വിവിധ മുസ്ലിം സംഘടനാ നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു.
അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.അബ്ദുൽ സത്താറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഹർത്താൽ ആഹ്വാനത്തിനു ശേഷം ഒളിവിൽ പോയ സത്താറിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്ന് മണിയോടെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ അന്വേഷണ സംഘം കസ്റ്റഡിയിൽ അവശ്യപ്പെടും.