കശ്മീര്‍ വികസനം മന്ദഗതിയിലായതിന് കാരണം ‘അബ്ദുള്ളകളും മുഫ്തികളുമെന്നു അമിത് ഷാ
1 min readബാരാമുള്ള: ജമ്മു കശ്മീമീരില്‍ നിന്ന് തീവ്രവാദത്തെ പൂര്‍ണമായും തുടച്ചുനീക്കി രാജ്യത്തെ ഏറ്റവും സമാധാനമുള്ള സ്ഥലമാക്കി മാറ്റുമെന്ന് അമിത് ഷാ. കശ്മീരില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാ.
കശ്മീരിലെ വികസനം മന്ദഗതിയിലായതിന് കാരണം ‘അബ്ദുള്ളകളും മുഫ്തികളും നെഹ്റു-ഗാന്ധി’ കുടുംബവുമാണ്. കശ്മീര്‍ ജനതയ്ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തില്ല. ദുര്‍ഭരണവും അഴിമതിയും വികസനമില്ലായ്മയുമാണ് അവരുടെ മുഖമുദ്രയെന്നും അമിത് ഷാ കുറ്റപ്പെടുത്തി.പാകിസ്താനുമായി യാതൊരു സന്ധിസംഭാഷണത്തിനും ഇന്ത്യ തയ്യാറല്ലെന്നും ഷാ കൂട്ടിച്ചേര്‍ത്തു.
90കള്‍ മുതല്‍ കശ്മീരില്‍ മാത്രം 42000 ജീവനുകളാണ് തീവ്രവാദി ആക്രമണത്തില്‍ പൊലിഞ്ഞത്. തീവ്രവാദം ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
ചിലര്‍ എപ്പോഴും പാകിസ്താനെ കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ തനിക്കറിയേണ്ടത് പാക് അധീന കശ്മീരിലെ എത്ര ഗ്രാമങ്ങളില്‍ വൈദ്യുത കണക്ഷന് ഉണ്ട്, അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നാണ്. ചിലര്‍ പറയുന്നുണ്ട് കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി സംസാരിക്കണമെന്ന്. പക്ഷെ എന്തിനാണ് നമ്മള് പാകിസ്താനുമായി സംസാരിക്കുന്നത്? അത് നടക്കില്ല. പകരം ബാരാമുള്ളയിലേയും കശ്മീരിലേയുമെല്ലാം ജനങ്ങളുമായി ഞങ്ങള്‍ സംസാരിക്കും. മോദി സര്‍ക്കാര്‍ ഭീകരവാദം അനുവദിക്കില്ല, അത് പൂര്‍ണമായും തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.