പാലക്കാട് ഹണിട്രാപ്പ്, പിടിയിലായത് ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ദമ്പതികള്‍

1 min read

തൃശൂര്‍ : ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തിയ ആറംഗ സംഘം വലവിരിച്ചത് ഫേസ്ബുക്കില്‍. ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ചാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയതെന്നാണ് ആറംഗ സംഘത്തെ അറസ്റ്റ് ചെയ്ത പാലക്കാട് ടൌണ്‍ സൌത്ത് പൊലീസ് നല്‍കിയ വിവരം. കൊല്ലം സ്വദേശി ദേവു, ഭര്‍ത്താവ് ഗോകുല്‍ ദ്വീപ്, പാലാ സ്വദേശി ശരത്, ഇരിങ്ങാലക്കുട സ്വദേശികളായ ജിഷ്ണു, അജിത്, വിജയ്, എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ പാലാ സ്വദേശി ശരത്താണ് മുഖ്യസൂത്രധാരന്‍. സൂത്രധാരനായ ശരത്തിന്റെ പേരില്‍ മോഷണം, ഭവനഭേദനം അടക്കം 12 പരാതികള്‍ ഉണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അരലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. സംഘം മുമ്പ് സമാന തട്ടിപ്പ് മുമ്പ് നടത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

‘തേന്‍കെണിയൊരുക്കാന്‍’ ശരത് തയ്യാറാക്കുന്നത് വന്‍ പദ്ധതികളാണെന്നാണ് പൊലീസ് പറയുന്നത്. ഒരു വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാര്‍ഡും തട്ടിപ്പിന് കളമൊരുക്കാന്‍ ഉപയോഗിക്കും. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയതോടെ യുവതിയെക്കൊണ്ട് തുടര്‍ സന്ദേശം അയപ്പിച്ചു. പിന്നാലെ വിശ്വാസം ആര്‍ജിക്കും. ഒടുവിലാണ് കെണിയില്‍ വീഴ്ത്തലും തട്ടിപ്പും നടത്തുക.

ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറില്‍ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. തട്ടിപ്പിന് മാത്രമായി 11 മാസത്തെ കരാറില്‍ ഒരു വീട് സംഘം പലക്കാട് യാക്കരയില്‍ സംഘം വാടകയ്ക്ക് എടുത്തു. പിന്നാലെയാണ് വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത്. ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി. വീട്ടില്‍ അമ്മമാത്രമേ ഉള്ളൂ എന്നും, ഭര്‍ത്താവ് വിദേശത്തെന്നുമായിരുന്നു വ്യവസായിയെ വിശ്വസിപ്പിച്ചിരുന്നത്.

വൈകീട്ടോടെ, യാക്കരയിലെ വീട്ടിലേക്ക് ഇയാളെ ക്ഷണിച്ചു. അവിടെ എത്തിയപ്പോഴാണ് കൂടെയുള്ളവ!ര്‍ക്ക് ഒപ്പം ചേര്‍ന്നുള്ള തട്ടിപ്പ് നടന്നത്. വ്യവസായിയുടെ മാല, ഫോണ്‍, പണം, എടിഎം കാര്‍ഡ്, വാഹനം എന്നിവ കൈക്കലാക്കി. പിന്നാലെ പ്രതികളുടെ കൊടുങ്ങല്ലൂരിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി തുടര്‍ തട്ടിപ്പിനായിരുന്നു നീക്കം.

യാത്രമധ്യേ മൂത്രമൊഴിക്കണം എന്ന് പറഞ്ഞിറങ്ങിയ ഇദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികള്‍ ഇടയ്ക്ക് ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വ്യവസായി വഴങ്ങിയില്ല. പാലക്കാട് എത്തി ടൌണ്‍ സൌത്ത് പൊലീസില്‍ പരാതി നല്‍കി. പിന്നാലെ പ്രതികളെ തെരഞ്ഞ പൊലീസ് കാലടിയിലെ ലോഡ്ജില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തു.

Related posts:

Leave a Reply

Your email address will not be published.