സൗരാഷ്ട്ര പിടിക്കാന്‍ ആപ്പ്; ഗുജറാത്ത് നേതാക്കളെ ദില്ലിക്ക് വിളിച്ച് ബിജെപി; ജോഡോ യാത്ര കോണ്‍ഗ്രസിന് മുഖ്യം

1 min read

അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ സൗരാഷ്ട്ര മേഖലയില്‍ കേന്ദ്രീകരിച്ചാണ് ആംആ!ദ്മി പാര്‍ട്ടിയുടെ പ്രചാരണം. മേഖലയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും അരവിന്ദ് കെജരിവാള്‍ റോഡ് ഷോ നടത്തി. ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ വന്നേക്കും.

സൗരാഷ്ട്രയില്‍ കണ്ണ് വച്ച് പ്രചാരണം കൈ മെയ് മറന്നുള്ള പ്രചാരണത്തിലാണ് അരവിന്ദ് കെജരിവാള്‍. ജുനാഗദ്ദിലാണ് ഇന്നത്തെ റോഡ് ഷോ തുടങ്ങിയത്. സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി സുകേശ് ചന്ദ്രശേഖര്‍ ഉയര്‍ത്തിവിട്ട വിവാദം ക്ഷീണമാണെങ്കിലും അതൊന്നും ചര്‍ച്ചയാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധയുണ്ട്. പട്ടേല്‍ ഭൂരിപക്ഷ മേഖലയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയത് ഈ വിഭാഗത്തിന്റെ പിന്തുണ കൊണ്ടായിരുന്നു. ഇത്തവണ അവരുടെ പിന്തുണ ആപ്പിനെന്നാണ് കണക്ക് കൂട്ടല്‍.

പട്ടേല്‍ സമുദായ സമര നേതാക്കളായ അല്‍പേഷ് കത്തരിയ, ധര്‍മിക് മാല്‍വിയ എന്നിവര്‍ ആപ്പിനൊപ്പമാണ്. അവര്‍ക്ക് സീറ്റും നല്‍കി. സൗരാഷ്ട്രക്കാരായ ഇവര്‍ക്ക് സൂറത്തിലാണ് സീറ്റ് നല്‍കിയത്. സൗരാഷ്ട്രയിലെ പട്ടേല്‍ വോട്ടും സൂറത്തില്‍ സമീപകാലത്ത് പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയുടെ ഫലവുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. ദ്വാരകയില്‍ നിന്നുള്ള ഇസുദാന്‍ ഗഡ്!വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോഴും ആപ്പ് ലക്ഷ്യമിടുന്നത് സൗരാഷ്ട്ര കൂടിയാണ്.

അതേസമയം ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ വന്നേക്കും. സംസ്ഥാനത്തെ ബിജെപി നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ട്. ആംആദ്മിയും ബിജെപിയുമായിയി താരതമ്യം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പ്രചാരണത്തില്‍ ഇപ്പോഴും പുറകിലാണ്. ദേശീയ നേതാക്കളെല്ലാം ജോഡോ യാത്രയുടെ തിരക്കിലായതാണ് കാരണം. എന്നാല്‍ അടിത്തട്ടില്‍ പ്രവര്‍ത്തനം ശക്തമാണെന്നാണ് പാര്‍ട്ടി വിശദീകരണം.

Related posts:

Leave a Reply

Your email address will not be published.