ഗവര്‍ണര്‍ ഫ്യൂഡല്‍ മാടമ്പിത്തം കേരളത്തില്‍ വിലപ്പോകില്ല: തോമസ് ഐസക്
1 min read
തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഫ്യൂഡല്‍ മാടമ്പിയെപ്പോലെ പെരുമാറുന്നുവെന്ന് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ടി എം തോമസ് ഐസക്. ഗവര്‍ണറുടേത് മാന്യമായ ഭാഷയും രീതിയുമല്ല. ആക്രോശിച്ച് മുന്നോട്ട് പോകാനാകില്ല. ഇത് കേരളത്തില്‍ അനുവദിക്കില്ലെന്നും വിലപ്പോകില്ലെന്നും തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലാണ് തോമസ് ഐസക്കിന്റെ പ്രതികരണം.
വാര്‍ത്താ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് രണ്ട് മാധ്യമങ്ങളെ വിലക്കിയതിനെതിരെയും ഐസക് പ്രതികരിച്ചു. ഭരണ പ്രതിപക്ഷ വ്യത്യാസം ഇല്ലാതെ മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ട സംസാരിക്കുകയാണ്. ഇക്കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്ട്രീയ വ്യത്യാസങ്ങളുടെ ഭാഗമാണ്. അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് മാധ്യമങ്ങള്‍ക്ക് വേണ്ടത്. നീണ്ട പോരാട്ടങ്ങളുടെ ഭാഗമായാണ് മാധ്യമ സ്വാതന്ത്ര്യം നേടിയെടുത്തത്. കേരള സര്‍ക്കാറിനായാലും ഗവര്‍ണര്‍ക്ക് ആയാലും അതില്ലാതാക്കാന്‍ അധികാരം ഇല്ലെന്നും ഐസക് പറഞ്ഞു