കൊല്ലത്തെ ക്യാന്‍സര്‍ രോഗിയുടേത് കൊലപാതകം, ചെറുമകന്‍ അറസ്റ്റില്‍

1 min read

കൊല്ലം : കുന്നിക്കോട് ക്യാന്‍സര്‍ രോഗിയായ വയോധികയുടേത് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചെറുമകനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച്ചയാണ് കോക്കാട് സ്വദേശി പൊന്നമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംസ്‌കാര ചടങ്ങുകള്‍ നടക്കാനിരിക്കെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്.

പിന്നാലെ നടന്ന പൊലീസ് അന്വേഷണവും വിരലടയാള പരിശോധനയും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും നാട്ടുകാരുടെ സംശയം ശരിവച്ചു. തലയ്‌ക്കേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴുത്തിലും പാടുകളുണ്ടായിരുന്നു. ചെറുമകന്‍ സുരേഷ് കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

വെള്ളിയാഴ്ച്ച വൈകിട്ട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന സുരേഷ് മുത്തശ്ശിയുമായി വഴക്കുണ്ടായി. തുടര്‍ന്ന് കഴുത്തിന് കുത്തിപ്പിടിച്ച് കട്ടിലിന്റെ പടിയില്‍ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീര്‍ഘകാലമായി ക്യാന്‍സര്‍ ബാധിച്ച് കിടപ്പിലായ പൊന്നമ്മയെ സംരക്ഷിക്കാന്‍ കഴിയാത്തതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.