ആക്ഷേപിച്ചാല്‍ മന്ത്രിസ്ഥാനം പിന്‍വലിക്കും’, മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി ഗവര്‍ണര്‍

1 min read

തിരുവനന്തപുരം : കേരളാ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരായ നിലപാട് ഗവര്‍ണര്‍ കൂടുതല്‍ കടുപ്പിക്കുന്നു. ഗവര്‍ണറെ മന്ത്രിമാര്‍ ആക്ഷേപിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ മുന്നറിയിപ്പ് നല്‍കി. മന്ത്രിമാര്‍ ഗവര്‍ണര്‍ക്കെതിരെ ആക്ഷേപം ഉന്നയിച്ചാല്‍, ഗവര്‍ണര്‍ സ്ഥാനത്തിന്റെ അന്തസ് കുറച്ച് കാണിക്കുന്ന രീതിയില്‍ പെരുമാറിയാല്‍ മന്ത്രി സ്ഥാനം അടക്കം പിന്‍വലിക്കുമെന്നാണ് ഗവര്‍ണര്‍ ട്വിറ്ററിലൂടെ ഭീഷണിപ്പെടുത്തിയത്. മന്ത്രിമാരും മുഖ്യമന്ത്രിയും ഗവര്‍ണറോട് ഉപദേശിക്കുന്ന രീതിയില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ് ഭരണഘടനയടക്കം സൂചിപ്പിച്ച് ഗവര്‍ണര്‍ ട്വീറ്റ് ചെയ്തത്. അസാധാരണമായ രീതിയിലുള്ള ട്വീറ്റാണ് രാജ് ഭവനില്‍ നിന്നുമുണ്ടായതെന്ന് വ്യക്തമാണ്.

കഴിഞ്ഞ ദിവസം കേരളാ സര്‍വകലാശാലയില്‍ അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നിരുന്നു. സര്‍വ്വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെയാണ് ഗവര്‍ണര്‍ പിന്‍വലിച്ചത്. ഇതിനെ വിമര്‍ശിച്ച് മന്ത്രി ബിന്ദു അടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണറുടെ അന്തസ് കെടുത്തുന്ന രീതിയിലുള്ള നിലപാടെടുത്താല്‍ പിന്‍വലിക്കുമെന്ന് മന്ത്രിമാര്‍ക്ക് മുന്നറിയിപ്പുമായി രാജ്ഭവന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്. വലിയ രാഷ്ട്രീയ ചര്‍ച്ചകളാണ് ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയുണ്ടാകുന്നത് . അസാധാരണ നടപടിയില്‍ സിപിഎമ്മും മുഖ്യമന്ത്രിയുമടക്കം പ്രതികരിച്ചേക്കും.

Related posts:

Leave a Reply

Your email address will not be published.