അധ്യാപികയുടെ പീഡന പരാതി: എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ കേസ്; ജാമ്യമില്ലാ വകുപ്പ് ചുമത്തി

1 min read

കോവളം: അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, അതിക്രമിച്ചു കടക്കല്‍, മര്‍ദ്ദിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവ നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ നേതാവിനെതിരെ ചുമത്തിയിരിക്കുന്നത്.

കോവളം പൊലീസ് സ്ത്രീയുടെ പരാതിയില്‍ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനാല്‍ പൂര്‍ണമായി മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ചാവും എംഎല്‍എക്കെതിരെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുക.

ഇന്നലെ വഞ്ചിയൂര്‍ കോടതിയില്‍ യുവതി നല്‍കിയ മൊഴിയുടെ പകര്‍പ്പിനായി പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ മൊഴി കൂടി അടിസ്ഥാനമാക്കി എംഎല്‍എക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും.

ഒന്നര വര്‍ഷത്തിലറെയായി എല്‍ദോസുമായി സൗഹൃദമുണ്ടെന്നാണ് ഇന്നലെ വഞ്ചിയൂര്‍ കോടതിയില്‍ അധ്യാപിക മൊഴി നല്‍കിയത്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. പല സ്ഥലങ്ങളില്‍ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിന്റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.

കോവളം പൊലീസിനെതിരെയും യുവതി ഗുരുതര ആരോപണം ഉന്നയിക്കുന്നുണ്ട്. പരാതിയില്‍ നിന്ന് പിന്മാറാന്‍ പൊലീസ് ആവശ്യപ്പെട്ടുവെന്നും പരാതി നല്‍കിയതിന് ശേഷം ഈ മാസം 9 ന് തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും തന്നെ എംഎല്‍എ ബലമായി പിടിച്ചിറക്കിയെന്നും അധ്യാപിക കോടതിയില്‍ പറഞ്ഞു. എംഎല്‍എ തന്നെ കോവളം എസ് എച്ച് ഒക്ക് മുന്നിലെത്തിച്ചു. പരാതി ഒത്തുതീര്‍ത്തെന്ന് എംഎല്‍എ അറിയിച്ചു. എഴുതി നല്‍കാന്‍ എസ് എച്ച് ഒ ആവശ്യപ്പെട്ടുവെന്നും അധ്യാപിക പറയുന്നു.

എസ് എച്ച് ഒയുടെ സാന്നിധ്യത്തില്‍ എംഎല്‍എ പണത്തിന് വേണ്ട് ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും ആരോപണമുണ്ട്. കേസെടുക്കാന്‍ ബോധപൂര്‍വ്വം വൈകിപ്പിച്ചു. സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്.

തങ്ങള്‍ക്കെതിരായ പരാതിക്കാരിയുടെ ആരോപണം കോവളം പൊലീസ് തള്ളുന്നു. യുവതി മൊഴി നല്‍കാന്‍ എത്തിയില്ലെന്നാണ് കോവളം പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 29നാണ് യുവതി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി എംല്‍എക്കെതിരെ പരാതി നല്‍കിയത്. അതില്‍ ദോഹോപദ്രവും ഏല്പിച്ചു എന്ന് മാത്രമായിരുന്നു പറഞ്ഞത്. കഴിഞ്ഞ ദിവസം നാടകീയമായാണ് ഒരു സുഹൃത്ത് യുവതിയെ കാണാനില്ലെന്ന പരാതി വഞ്ചിയൂര്‍ പൊലീസിന് നല്‍കിയത്. ഇതിനിടെ യുവതിയെ നെയ്യാറ്റിന്‍കരയില്‍ നിന്നും കോവളം പൊലീസ് കണ്ടെത്തി. കാണാനില്ലെന്ന കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് പീഡന പരാതി ഉന്നയിച്ചത്. വിശദമായ മൊഴി നല്‍കാന്‍ യുവതി കോവളം സ്റ്റേഷനില്‍ രാവിലെയെത്തി. മൊഴി എടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പൊലീസ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.