ജമ്മുവില്‍ എട്ട് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
1 min readജമ്മുവില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സതീഷ് ശര്‍മ്മ ശാസ്ത്രിയും എട്ട് പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ഇവര്‍ പറയുന്നു.
ജമ്മു ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയും എം പി ജുഗല്‍ കിഷോര്‍ ശര്‍മയും ചേര്‍ന്ന് സതീഷ് ശര്‍മ്മ ശാസ്ത്രിയെയും മറ്റുള്ളവരെയും പാര്‍ട്ടി ആസ്ഥാനത്ത് സ്വാഗതം ചെയ്തു. സതീഷ് ശര്‍മ്മയ്ക്ക് പുറമേ ആശിഷ് അബ്രോള്‍, രാകേഷ് ശാസ്ത്രി, രാകേഷ് ബാലി, അശോക് ശര്‍മ്മ, ദീപക് ശര്‍മ്മ, സുനിതാ ദേവി, ചാരു അബ്രോള്‍, മദന്‍ ലാല്‍ ശര്‍മ്മ എന്നിവരാണ് എഎപിയില്‍ നിന്ന് ബിജെപിയിലേക്ക് മാറിയത്. സതീഷ് ശര്‍മ്മ ശാസ്ത്രി അര്‍പ്പണബോധമുള്ള ഒരു സാമൂഹിക പ്രവര്‍ത്തകനാണെന്നും പുതിയ അംഗങ്ങളെല്ലാം പാര്‍ട്ടിയുടെ തത്വങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രവീന്ദര്‍ റെയ്ന അഭിപ്രായപ്പെട്ടു.
എഎപിയില്‍ ചേര്‍ന്ന മുന്‍ തീരുമാനത്തില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്നും ബിജെപിക്ക് മാത്രമേ രാജ്യത്തെ ശക്തിപ്പെടുത്താന്‍ കഴിയൂവെന്നും സതീഷ് ശാസ്ത്രി പറഞ്ഞു. എനിക്കിപ്പോള്‍ ജീവിച്ചിരിക്കുന്നതായി തോന്നുന്നുണ്ട്, തിരിച്ചറിവുണ്ടായി, ജനങ്ങളെ സേവിക്കാന്‍ തയ്യാറുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളെ സേവിക്കാനും ‘ദേശീയ ശക്തികളെ’ ശക്തിപ്പെടുത്താനും ആഗ്രഹിക്കുന്ന എല്ലാവര്‍ക്കുമായി ബിജെപിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് ബിജെപി എം പി ജുഗല്‍ കിഷോര്‍ ശര്‍മ പറഞ്ഞു.