എബോള വൈറസ് വ്യാപനം; ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍

1 min read

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ എബോള വൈറസ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രണ്ട് ജില്ലകളിലാണ് എബോള വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്.

ഒറ്റരാത്രികൊണ്ട് കര്‍ഫ്യൂ നടപ്പാക്കുകയാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടയ്ക്കുകയാണെന്നും എബോള ബാധിച്ച രണ്ട് ജില്ലകളിലേക്കും പുറത്തേക്കും 21 ദിവസത്തേക്ക് സഞ്ചാരം നിയന്ത്രിച്ചതായും ഉഗാണ്ട പ്രസിഡണ്ട് യോവേരി മുസെവേനി അറിയിച്ചു. രോഗബാധയുടെ പ്രഭവകേന്ദ്രമായ സെന്‍ട്രല്‍ ഉഗാണ്ടയിലെ മുബെന്‍ഡെ, കസാന്‍ഡ ജില്ലകളില്‍ രോഗം പടരുന്നത് തടയാനുള്ള നടപടികള്‍ ഉടന്‍ അവതരിപ്പിക്കുമെന്നും യോവേരി വ്യക്തമാക്കി. എബോള വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താല്‍ക്കാലിക നടപടികള്‍ മാത്രമാണ് ഇവയെല്ലാമെന്നും എല്ലാവരും അധികാരികളുമായി സഹകരിക്കണമെന്നും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഈ സാഹചര്യം അവസാനിപ്പിക്കുമെന്നും യോവേരി മുസെവേനി പറഞ്ഞു.

അതേസമയം, ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ ആശുപത്രിയില്‍ എബോള രോഗി മരിച്ചതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം കുറച്ച് ദിവസം മുമ്പ് സ്ഥിരീകരിച്ചു. മാരകമായ വൈറസ് ബാധയുടെ ഗണത്തിലാണ് എബോളയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഇതുവരെയായി 19 പേരാണ് എബോള ബാധമൂലം മരിച്ചിട്ടുള്ളതെങ്കിലും കമ്പാലയിലെ ആദ്യ മരണമാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.

എന്താണ് എബോള

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകര്‍ന്ന ഒരു രോഗമാണ് ഇത്. എബോള വൈറസ് ശരീരത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. രോഗബാധിത ജീവിയുടെ ശരീരദ്രവങ്ങളിലൂടെയാണ് എബോള പ്രധാനമായും പടരുന്നത്. എബോളബാധിച്ച മനുഷ്യന്റെ രക്തം നേരിട്ട് സ്പര്‍ശിക്കുന്നതിലൂടെയും മനുഷ്യരില്‍ ഈ രോഗം പടരുന്നു. എബോള വൈറസ് മനുഷ്യനിലെത്തുന്നത് മൃഗങ്ങളിലൂടെയാണ്. രോഗം ബാധിച്ച ചിമ്പാന്‍സി, കുരങ്ങ്, ഗറില്ല, പന്നി, വവ്വാല്‍ എന്നിവയുടെ ശരീരത്തിലെ എല്ലാത്തരം സ്രവങ്ങളിലും എബോള വൈറസ് ഉണ്ടാകാം. ഇവയുടെ രക്തം, മൂത്രം, കാഷ്ഠം എന്നിവയുടെ സ്പര്‍ശനത്തിലൂടെയും രോഗാണുക്കള്‍ പകരാം. ശരീരത്തിലെ മുറിവുകള്‍, വായ്, ത്വക്ക് എന്നിവയിലൂടെ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും.

ലക്ഷണങ്ങള്‍.

പനി, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ചിലപ്പോള്‍ ഛര്‍ദ്ദി, തൊലിയിലെ തിണര്‍പ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരില്‍ രോഗാവസ്ഥ കുറച്ചു ദിവസങ്ങള്‍കൊണ്ട് തനിയെ മാറുന്നു. എന്നാല്‍ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരില്‍ ക്രമേണ കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

മുന്‍കരുതല്‍ എന്തൊക്കെ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യ രോഗമായതിനാല്‍ തന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. രോഗബാധിതരുടെയോ, രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസര്‍ജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുക.

Related posts:

Leave a Reply

Your email address will not be published.