നായ്ക്കളെ മാലയിട്ട് ആദരിച്ച് ഈ രാജ്യം, അഞ്ച് ദിവസത്തെ ആഘോഷം

1 min read

ലളിത്പൂര്‍ (നേപ്പാള്‍) : നായകളെ സ്‌നേഹിച്ചും ആദരിച്ചും മാല ചാര്‍ത്തിയുമൊരു ഉത്സവം നടക്കുന്നുണ്ട് നേപ്പാളില്‍. മനുഷ്യരോട് വിശ്വസ്തരായിരിക്കുന്ന നായകളുടെ കഴുത്തില്‍ മാലകള്‍ അണിയിച്ച് നായപ്രേമികള്‍ വലിയ ആഘോഷമായാണ് ഈ ഉത്സവം കൊണ്ടാടുന്നത. തിങ്കളാഴ്ചയായിരുന്നു ഈ വര്‍ഷത്തെ ഈ വിചിത്ര ആഘോഷം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ ലളിത്പൂരിലെ സ്‌നേഹ കെയര്‍ എന്ന നായ സങ്കേതത്തിലാണ് ഉത്സവം നടന്നത്.

‘കുകുര്‍ തിഹാര്‍’ എന്ന വിശേഷിപ്പിക്കുന്ന ഈ ചടങ്ങില്‍ സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും വിനോദസഞ്ചാരികളും പങ്കെടുത്തു. മൃഗങ്ങളുമായി ബന്ധപ്പെട്ട, അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ഹിന്ദു ആചാരപ്രകാരമുള്ള ഉത്സത്തിന്റെ രണ്ടാം ദിവസമാണ് കുകുര്‍ തിഹാര്‍ നടക്കുക. മരണത്തിന്റെയും നീതിയുടെയും ദേവനായ യമരാജനെയാണ് ഇവിടെ ആദരിക്കുന്നത്. മനുഷ്യര്‍ നായ്ക്കളോട് കരുണയും സ്‌നേഹവും കാണിക്കണമെന്നും കഴിയുന്നത്ര ഭക്ഷണം നല്‍കണമെന്നുമുള്ള സന്ദേശമാണ് നല്‍കാന്‍ ആഗ്രഹിക്കുന്നതെന്ന് ഉത്സവ ദിനത്തില്‍ ലളിത്പൂര്‍ മേയര്‍ ചിരി ബാബു മഹര്‍ജന്‍ പറഞ്ഞു.

തെരുവ് നായ്ക്കള്‍ കൂടുതലുള്ളതും നായ്ക്കളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതുമായ സ്‌നേഹ കെയര്‍ ഷെല്‍ട്ടറില്‍ 170 ഓളം നായ്ക്കളുണ്ട്. അതേസമയം ഇന്ന് നായകളെ ആളുകള്‍ ആരാധിക്കുമെന്നും എന്നാല്‍ അടുത്ത ദിവസം അവര്‍ക്ക് അസുഖം വന്നാല്‍ ആളുകള്‍ അവയെ ഉപേക്ഷിക്കുമെന്നും മേയര്‍ ചിരി ബാബു മഹര്‍ജന്‍ പറഞ്ഞു. ഉത്സവ വേളയില്‍, നായകളോടും മറ്റ് മൃഗങ്ങളോടും അനാദരവ് കാണിക്കുന്നത് പാപമായി കണക്കാക്കപ്പെടുന്നുവെന്നും അവര്‍ പറഞ്ഞു. ആഘോഷങ്ങള്‍ക്കപ്പുറം, നേപ്പാളില്‍ നായ്ക്കളുടെ ക്ഷേമത്തിന് കൂടുതല്‍ ശ്രദ്ധ ലഭിക്കുന്നുണ്ട്. കാഠ്മണ്ഡു താഴ്‌വരയില്‍ മാത്രം 20,000 തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.