നടി ആക്രമണക്കേസ്; സുപ്രധാന ഹൈക്കോടതി വിധി ഇന്നുണ്ടായേക്കും

1 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സുപ്രധാന ഹൈക്കോടതി വിധി ഇന്നുണ്ടായേക്കും. കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹർജിയിലാണ് ഹൈക്കോടതി വിധി പറയുന്നത്.
എറണാകുളം പ്രത്യേക സി ബി ഐ കോടതിയില്‍ നിന്നും വിചാരണ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് അതിജീവിത ഹൈക്കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. വനിതയായ വിചാരണക്കോടതിക്ക് പ്രമോഷന്‍ ലഭിച്ചതോടെയായിരുന്നു കേസിന്റേയും കോടതി മാറ്റം. എന്നാല്‍ ഇത് നിയമപരമല്ലെന്നാണ് അതിജീവിതയുടെ വാദം.

നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു ഹൈക്കോടതി ജൂഡീഷ്യല്‍ ഉത്തരവ് പ്രകാരം കേസ് വനിത ജഡ്ജിയുള്ള രണ്ടാം ക്ലാസ് സെഷന്‍ കോടതിയിലേക്ക് കേസ് മാറ്റിയത്. എന്നാല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്തോടെ വിചാരണയും ഈ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി അഡ്മിനിസ്ട്രേഷന്‍ വിഭാഗമാണ് ഉത്തരവിട്ടത്. ജുഡീഷ്യല്‍ ഉത്തരവിലൂടെ മാറ്റപ്പെട്ട ഒരു കേസിലെ മാറ്റ് അഡ്മിനിസ്ട്രേഷന്‍ വിഭാഗത്തിന്റെ ഉത്തരവിലൂടെ പാടില്ലെന്നും അതിജീവിത ഹർജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയും പ്രോസിക്യൂഷനും നിരവധി തവണ ഹൈക്കോടതിയിലും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് പുതിയ ജഡ്ജി കേള്‍ക്കണം എന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.

ജ‍ഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും ഹർജിയിലുണ്ട്. അതിജീവിതയുടെ ആവശ്യപ്രകാരം ഈ ഹർജിയില്‍ ഹൈക്കോടതിയില്‍ രഹസ്യ വിചാരണയായിരുന്നു നടന്നത്. കേസിലെ വിചാരണ നടത്തുന്നത് വനിത ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് പുരുഷനായാലും പ്രശ്നമില്ലെന്നാണ് അതിജീവിത ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതി വരെ അതിജീവിത പോയിരുന്നെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.

കേസില്‍ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് പ്രതി ദിലീപിന്റെ വാദം. ഈ സാഹചര്യത്തില്‍ കോടതി മാറ്റത്തിലെ സാങ്കേതിക വിഷയമായിരിക്കും ഹൈക്കോടതി പരിഗണിച്ചുകൊണ്ടുള്ള വിധിയായിരിക്കും ഇന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts:

Leave a Reply

Your email address will not be published.