കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ദിഗ്വിജയ് സിങ്; സൂചനയുമായി അഭിമുഖം
1 min readന്യൂഡൽഹി∙ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുമോയെന്ന ചോദ്യത്തിന് ‘നമുക്ക് നോക്കാം’ എന്ന് അദ്ദേഹം മറുപടി നൽകി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന ദിവസമായ സെപ്റ്റംബർ 30ന് വൈകിട്ട് ഇതിന്റെ ഉത്തരം അറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാൻ ഗാന്ധി കുടുംബത്തിൽനിന്ന് ആരും ഇല്ലെന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ഒരു ആശങ്കയും ഇല്ല. മത്സരിക്കാൻ ആഗ്രഹിക്കുന്നവർക്കു മത്സരിക്കാനുള്ള അവകാശമുണ്ട്. ഒരാൾക്ക് മത്സരിക്കാൻ താൽപ്പര്യമില്ലെങ്കിൽ അവരെ മത്സരിപ്പിക്കാൻ നിർബന്ധിക്കാനാവില്ല’’– അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ വിമുഖത കാണിച്ചതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഗാന്ധി കുടുംബത്തിൽനിന്നല്ലാത്തയാളെ മുൻ നിർത്തി മുൻകാലങ്ങളിൽ കോൺഗ്രസ് പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നരസിംഹ റാവുവും സീതാറാം കേസരിയും ആയിരുന്നപ്പേൾ ഞങ്ങൾ പ്രവർത്തിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും എംപി ശശി തരൂരും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും.