വീർ സവർക്കറുടെ പടം മറച്ചത് ഭീകരവാദികളെ പ്രീണിപ്പിക്കാൻ: കെ.സുരേന്ദ്രൻ

1 min read

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ജോഡോ യാത്രയിൽ ധീര ദേശാഭിമാനി വീർ സവർക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാഹുൽ ​ഗാന്ധിയുടെ അറിവോടെയാണ് ഇതെന്ന് വ്യക്തമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കൊച്ചി നെടുമ്പാശ്ശേരിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ പടങ്ങളിൽ നിന്നും സവർക്കറെ മാത്രം എടുത്ത് കളഞ്ഞതിലൂടെ കോൺ​ഗ്രസ് രാജ്യത്തിനെതിരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. സവർക്കറുടെ പടം വെച്ചതിന് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കിയ നടപടി ആ പാർട്ടിയുടെ ദുരവസ്ഥ തെളിയിക്കുന്നതാണ്.

സവർക്കറുടെ സ്റ്റാമ്പ് ഇറക്കിയ ഇന്ദിര​ഗാന്ധിയെ തള്ളിപറയാൻ കോൺ​ഗ്രസ് നേതൃത്വം തയ്യാറാകുമോ? ആത്മാഭിമാനമുള്ള കോൺ​ഗ്രസുകാർ ആ പാർട്ടിയിൽ നിന്നും പുറത്തുവരണം. ഭീകരവാദികളുടെ കയ്യടി മാത്രം ലക്ഷ്യം വെച്ചാണ് രാഹുൽ ​ഗാന്ധി യാത്ര നടത്തുന്നത്. ദേശവിരുദ്ധ ശക്തികളാണ് കോൺ​ഗ്രസിന്റെ യാത്ര സ്പോൺസർ ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

പോപ്പുലർ ഫ്രണ്ട് കോഴിക്കോട് കടപ്പുറത്ത് നടത്തിയ വർ​ഗീയ വിദ്വേഷ സമ്മേളനത്തിനെതിരെ ഒരക്ഷരം പോലും ഒരു കോൺ​ഗ്രസ് നേതാവും പറയുന്നില്ല. വോട്ട്ബാങ്ക് രാഷ്ട്രീയം മാത്രമാണ് കോൺ​ഗ്രസ് യാത്രയിൽ ഉയർന്നു കേൾക്കുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് നടത്തിയ അപകടകരമായ പ്രസം​ഗത്തിനെതിരെ പൊലീസ് കേസെടുക്കണം. മതനേതാക്കൾ പോലും ഇതിനെതിരെ രം​ഗത്ത് വന്നിട്ടും ഭരണപക്ഷവും പ്രതിപക്ഷവും മൗനത്തിലാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.