ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു; എങ്കിലും മോശം അവസ്ഥയില്‍
1 min readദീപാവലിക്ക് ശേഷം രണ്ടാംദിനം ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടെങ്കിലും ഇപ്പോഴും മോശം അവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. കാലവസ്ഥ അനുകൂലമായതോടെ വരും ദിവസങ്ങളില്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടേക്കും എന്നാണ് വിവരം. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് (എക്യുഐ) ബുധനാഴ്ച രാവിലെ 6 മണിക്ക് 262 ആണ്.
ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് എക്യുഐ 303 ആയിരുന്നു ഇവിടെ നിന്നാണ് ബുധനാഴ്ച രാവിലെ ആകുമ്പോള്‍ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടത്. ദീപാവലി ദിനമായ തിങ്കളാഴ്ച വൈകീട്ട് നാലിന് 312 ആയിരുന്നു ദില്ലിയിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ്.
ദില്ലിയുടെ അയല്‍ നഗരങ്ങളായ ഗാസിയാബാദ് (262), നോയിഡ (246), ഗ്രേറ്റര്‍ നോയിഡ (196), ഗുരുഗ്രാം (242), ഫരീദാബാദ് (243) എന്നിവിടങ്ങളിലെ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സും പുറത്ത് വന്നിട്ടുണ്ട്. ദീപാവലി രാത്രിയിലെ പടക്കം പൊട്ടിക്കുന്നതിനുള്ള നിരോധനം തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളിലും ലംഘിച്ചതിന് ശേഷം ചൊവ്വാഴ്ച തലസ്ഥാനത്ത് ‘വളരെ മോശം’ വായു ഗുണനിലവാരം രേഖപ്പെടുത്തിയിരുന്നത്. ദീപാവലിക്ക് ശേഷമുള്ള ദിവസം മലിനീകരണ തോത് 2015 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, നവംബറില്‍ ആഘോഷിച്ച ദീപാവലിക്ക് ശേഷം ദില്ലിയിലും അതിന്റെ സമീപ പ്രദേശങ്ങളും വായുവിന്റെ ഗുണനിലവാരം കുത്തനെ താഴ്ന്നിരുന്നു. ഈ മാസത്തില്‍ പഞ്ചാബ്, ഹരിയാന, പശ്ചിമ യുപി എന്നിവിടങ്ങളിലെ കൃഷിഭൂമിയില്‍ കാടുകള്‍ കത്തിക്കുന്നതും, കൊടുമുടികളില്‍ ഉണ്ടാകുന്ന തീവ്രമായ പുകമഞ്ഞും അന്ന് വായു മലിനീകരണത്തെ സ്വാദീനിച്ചു. എന്നാല്‍ ഇത്തവണ ദീപാവലി നേരത്തെ ആയതിനാല്‍ , മിതമായ ചൂടുള്ളതും കാറ്റുള്ളതുമായ അന്തരീക്ഷം പടക്കങ്ങളില്‍ നിന്നുള്ള മലിനീകരണം അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നത് കുറച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ദില്ലി മലിനീകരണ നിയന്ത്രണ സമിതിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ദീപാവലി ദിനത്തില്‍ തലസ്ഥാനത്ത് PM2.5 സാന്ദ്രതയില്‍ 64 ശതമാനം കുറവും PM10 ലെവലില്‍ 57 ശതമാനം കുറവും രേഖപ്പെടുത്തി. ഇത്തവണ താരതമ്യേന മെച്ചപ്പെട്ട വായുവിന്റെ ഗുണനിലവാരത്തിന് കാരണം കൃഷിഭൂമിയിലെ വൈക്കോല്‍ കത്തിക്കല്‍ സംഭവങ്ങളുടെ കുറവും മെച്ചപ്പെട്ട കാലാവസ്ഥാ സാഹചര്യങ്ങളും ‘പടക്കം പൊട്ടിക്കുന്നതില്‍ കുറവുണ്ടായതും’ കാരണമായി.
പൂജ്യത്തിനും 50 നും ഇടയിലുള്ള എക്യൂഐ നല്ലത് (good), 51 നും 100 ഇടയിലാണെങ്കില്‍ ‘തൃപ്തികരം’ (satisfactory), 101 നും 200 ഇടയിലാണെങ്കില്‍ ‘മിതമായത്'(moderate), 201 നും 300 ഇടയില്‍ ആണെങ്കില്‍ ‘മോശം’ (Poor), 301 ഉം 400 ഉം ‘വളരെ മോശം’ (Very Poor), 401 ഉം 500 ഉം ‘ഗുരുതരം’ (severe) എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്നത്.