ദില്ലിയുടെ ദുഃഖം പഞ്ചാബ്: കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് തുടരുന്നു; വായു കൂടുതല്‍ മലിനമായി
1 min readഡല്‍ഹിയിലെ വായു മലിനീകരണം കൂടുതല്‍ മോശപ്പെട്ട നിലയിലേക്ക് മാറി. നേരത്തെ 271 ആയിരുന്നു വായു ഗുണ നിലവാര സൂചിക. ഇതിപ്പോള്‍ 354 ലേക്ക് ഉയര്‍ന്നു. ഈ വര്‍ഷം ജനുവരിക്ക് ശേഷം ദില്ലിയിലെ വായു മലിനീകരണം ഏറ്റവും മോശപ്പെട്ട നിലയിലേക്ക് എത്തേണ്ടതുണ്ട്.
ദീപാവലിയും പഞ്ചാബിലും ഹരിയാനയിലും കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് കൂടിയതും വായ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് ദില്ലിയില്‍ വിലക്കുണ്ടായിരുന്നു. എന്നാല്‍ പലരും ദില്ലിക്ക് പുറത്ത് നിന്ന് പടക്കമെത്തിച്ച് പൊട്ടിക്കുന്ന സ്ഥിതിയുണ്ടായി.
അതിനിടെ പഞ്ചാബില്‍ കാര്‍ഷിക അവശിഷ്ടങ്ങള്‍ കര്‍ഷകര്‍ കത്തിക്കുന്നത് തുടരുകയാണ്. അഞ്ച് ദിവസത്തിനിടെ കാര്‍ഷിക അവശിഷ്ടങ്ങള്‍ കത്തിക്കുന്ന റിപ്പോര്‍ട്ട് ചെയ്യുപ്പെട്ട കേസുകളുടെ എണ്ണം ഇരട്ടിയിലധികമായി. അഞ്ച് ദിവസം മുന്‍പ് 3696 കേസായിരുന്നത് ഇന്നലെ 8147 കേസായി ഉയര്‍ന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണിത്.
മലിനീകരണം കുറയ്ക്കാനായി നഗരത്തിലെ റോഡുകളില്‍ വെള്ളം തളിക്കാന്‍ തുടങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ട്. അതേസമയം സ്ഥിതി മോശമാകാന്‍ കാരണം ദീപാവലിയല്ല മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണെന്ന് ബിജെപി വിമര്‍ശിച്ചു. ദീപാവലി ദിനത്തില്‍ മാത്രം പഞ്ചാബില്‍ 1019 ഇടങ്ങളില്‍ പാടം കത്തിച്ചു. കെജ്രിവാള്‍ പഞ്ചാബിലെ കര്‍ഷകരോട് പരാജയപ്പെട്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.