വമ്പന്‍ പദ്ധതികള്‍ ഗുജറാത്ത് റാഞ്ചുന്നു; പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍

1 min read

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒന്നിന് പുറകെ ഒന്നായി ഗുജറാത്തിലേക്ക് വമ്പന്‍ നിക്ഷേപ പദ്ധതികള്‍ എത്തുന്നതില്‍ മഹാരാഷ്ട്രയില്‍ പ്രതിഷേധം. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വന്‍കിട പദ്ധതികള്‍ ഗുജറാത്ത് റാഞ്ചുകയാണെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

വേദാന്ത ഫോക്‌സ് കോണ്‍ സെമി കണ്ടക്ടര്‍ നിര്‍മ്മാണശാലയ്ക്ക് പിന്നാലെ വ്യോമസേനയ്ക്കായുള്ള വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പ്ലാന്റും ഗുജറാത്തിലേക്ക് പോയതോടെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. മഹാരാഷ്ട്രയില്‍ വരേണ്ടിയിരുന്ന പദ്ധതികളാണ് അവസാന നിമിഷം ഗുജറാത്തിലേക്ക് പോയത്.

ഇത് സംസ്ഥാനത്തെ ബിജെപി സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് ശിവസേന ഉദ്ദവ് താക്കറെ വിഭാഗം കുറ്റപ്പെടുത്തി. വ്യവസായ മന്ത്രി രാജിവെക്കണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്റെ ബിജെപിക്ക് കീഴടങ്ങിയെന്ന് എന്‍സിപി കുറ്രപ്പെടുത്തി. എന്നാല്‍ നാഗ്പൂരില്‍ പദ്ധതി കൊണ്ടുവരാന്‍ ദേവേന്ദ്ര ഫഡ്‌നാവിസ് പരമാവധി ശ്രമിച്ചുവെന്നാണ് വ്യവസായ മന്ത്രി ഉദയ സാമന്ത് വിശദീകരിക്കുന്നത്.

ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ എയര്‍ബസും ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റവും കൈകോര്‍ക്കുകയാണ്. ഗുജറാത്തിലെ വഡോദരയിലാണ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നത്. പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതാദ്യമായാണ് സി 295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്ത് നിര്‍മ്മിക്കുന്നതെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. 2021 സെപ്റ്റംബറിലാണ് 56 സി295 ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്‌പേസുമായി ഏകദേശം 21,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. വ്യോമസേനയിലെ പഴക്കംചെന്ന അവ്‌റോ 748 വിമാനങ്ങള്‍ക്കു പകരമായാണ് സി 295 എയര്‍ക്രാഫ്റ്റുകള്‍ എത്തുന്നത്.

Related posts:

Leave a Reply

Your email address will not be published.