രണ്ട് പഞ്ചായത്തുകളില്‍ ഭീതി പടര്‍ത്തിയ തെരുവുനായയെ നാട്ടുകാര്‍ തല്ലി കൊന്നു

1 min read

കോഴിക്കോട്: കുറ്റ്യാടി, കായക്കൊടി പഞ്ചായത്തുകളിലുള്ളവരെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയ തെരുവുനായയെ ഒടുവില്‍ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. കായക്കൊടി പഞ്ചായത്തിലെ കരയത്താം പൊയിലിലാണ് നാട്ടുകാര്‍ നായയെ തല്ലിക്കൊന്നത്.

ചെറിയ കുട്ടികളടക്കം പത്തോളം പേരെയാണ് മൊകേരി ഭാഗത്ത് നായ കടിച്ചുപരിക്കേല്‍പിച്ചത്. രാവിലെ മുതല്‍ ഭീതിയിലായിരുന്നു ഈ പ്രദേശങ്ങള്‍, ഇന്നലെ വൈകുന്നേരവും ചിലര്‍ക്കു നായയുടെ കടിയേറ്റു.

ആളുകളെ കടിച്ച നായ കായക്കൊടി ഭാഗത്തേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാര്‍ പിന്തുടര്‍ന്നു തല്ലിക്കൊല്ലുകയായിരുന്നു. പേവിഷബാധയുണ്ടൊയെന്ന് പരിശോധന നടത്തിയ ശേഷം നായയുടെ ജഡം മറവ് ചെയ്യും.

തെരുവുനായ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഈ വെള്ളിയാഴ്ച പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചാണ്, നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേസ് അടിയന്തരമായി പരിഗണിക്കാന്‍ തീരുമാനിച്ചത്.

സുപ്രീംകോടതിയുടെ പരിഗണനയില്‍ നേരത്തെയുള്ള കേസില്‍ കേരളത്തിലെ നിലവിലത്തെ സാഹചര്യം ഹര്‍ജിക്കാരന്‍ അറിയിക്കുകയായിരുന്നു.പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും 12 വയസുകാരി മരിച്ചത് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഓഗസ്റ്റില്‍ മാത്രം കേരളത്തില്‍ 8 പേര്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മരിച്ചതായി ഹര്‍ജിക്കാരനായ സാബു സ്റ്റീഫന്റെ അഭിഭാഷകന്‍ വി.കെ.ബിജു സുപ്രീംകോടതിയെ അറിയിച്ചു. ഇതില്‍ രണ്ടു പേര്‍ പ്രതിരോധ വാക്‌സീന്‍ എടുത്തവരാണ്. പ്രതിരോധ വാക്‌സീന്റെ ഫലപ്രാപ്തിയെ കുറിച്ച് പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഒരു സമിതിയെ രൂപീകരിച്ചുണ്ട്. എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഇപ്പോഴും തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നുവെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചത്.

Related posts:

Leave a Reply

Your email address will not be published.