സിപിഐ സംസ്ഥാന സമ്മേളനം ഇന്നു മുതൽ; സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കും
1 min readതിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനം ഇന്നു മുതൽ ഒക്ടോബർ മൂന്നുവരെ തിരുവനന്തപുരത്തു നടക്കും. ഇന്നു വൈകുന്നേരം പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ വഴുതക്കാട് ടാഗോർ തിയറ്ററിൽ ചേരുന്ന പ്രതിനിധി സമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ചിന് ടാഗോർ തിയറ്ററിൽ ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും പങ്കെടുക്കും.
ഭരണത്തിലെ പോരായ്മകൾ, പാർട്ടി മന്ത്രിമാരുടെ പ്രവർത്തനം എന്നിവ സമ്മേളനത്തിൽ പ്രധാന ചർച്ചയാകും. ജില്ലാ സമ്മേളനങ്ങളിൽ കാനത്തിനെതിരേ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന സമ്മേളനത്തിലും ആവർത്തിക്കപ്പെടും. പ്രധാനമായും സിപിഎമ്മിനെതിരെയുള്ള കാനത്തിന്റെ മൃദു സമീപനം തന്നെയാകും ഇവിടെയും വിമർശനമായി വരിക.
സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരം നടക്കുമോ എന്നതാണ് സിപിഐയ്ക്കുള്ളിലെ ആശങ്ക. പ്രായപരിധിയുടെ പേരിൽ മുതിർന്ന നേതാക്കളായ പന്ന്യൻ രവീന്ദ്രനും കെ.ഇ. ഇസ്മയിലും സി.ദിവാകരനും പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഈ സമ്മേളനത്തോടെ ഒഴിയും.
പാർട്ടി ദേശീയ കൗണ്സിലിന്റെ മാർഗനിർദേശ പ്രകാരമാണു പ്രായപരിധി നടപ്പിലാക്കുന്നത്. എന്നാൽ, ഈ തീരുമാനത്തിനെതിരേ ഇസ്മയിലും ദിവാകരനും പരസ്യമായി രംഗത്തുവന്നിരുന്നു. സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരമുണ്ടാകുമെന്ന സൂചനയും ഇരുവരും നൽകി.
പാർട്ടിയിൽ വിഭാഗീയതയില്ലെന്നും അങ്ങനെയുണ്ടായാൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്നും കാനം രാജേന്ദ്രൻ ആവർത്തിച്ചു വ്യക്തമാക്കി . സമ്മേളന പ്രതിനിധികളിൽ ഭൂരിപക്ഷവും കാനത്തിനൊപ്പമാണ്. എന്നാൽ മത്സരത്തിന് നേതാക്കളാരെങ്കിലും തയാറായാൽ നേതൃത്വത്തിന് എതിർക്കാനും കഴിയില്ല.
മത്സരം ഒഴിവാക്കാനുള്ള ശ്രമം സിപിഐ കേന്ദ്ര നേതൃത്വം നടത്തും. പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ്ബാബു മുൻകൈയെടുത്ത് സി.ദിവാകരനെയും കെ.ഇ.ഇസ്മയിലിനെയും അനുനയിപ്പിക്കാനുള്ള ശ്രമമവും നടത്തിയിട്ടുണ്ട്. സെക്രട്ടറി സ്ഥാനത്തേയ്ക്കു മത്സരം ഉണ്ടാകുന്നെങ്കിൽ നടക്കട്ടേയെന്ന സമീപനമാണു കാനം രാജേന്ദ്രനും സ്വീകരിച്ചിരിക്കുന്നത്.