ഹിന്ദുവിന്റെ അര്‍ത്ഥമറിഞ്ഞാല്‍ നിങ്ങള്‍ നാണംകെടും; വിവാദപ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ്
1 min readബംഗളൂരു: ഹിന്ദു എന്ന വാക്കിന്റെ അര്‍ത്ഥം അശ്ലീലമാണെന്നും അത് അറിഞ്ഞാല്‍ നാണംകെടുമെന്നുമുള്ള വിവാദ പ്രസ്താവനയുമായി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് സതീഷ് ലക്ഷ്മണ്‍ റാവു ജാര്‍ക്കിഹോളി. ഹിന്ദു എന്ന വാക്കിന്റെ ഉദ്ഭവം പേര്‍ഷ്യയില്‍ നിന്നാണെന്നും അതിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി യാതൊരു ബന്ധവും ഇല്ലെന്നറിഞ്ഞാല്‍ എത്രപേര്‍ ആ വാക്കിനെ അംഗീകരിക്കുമെന്നും ജാര്‍ക്കിഹോളി ചോദിച്ചു. ഹിന്ദു എന്ന വാക്ക്, അത് എവിടെ നിന്നാണ് വന്നത്? അത് നമ്മുടേതാണോ? ആ വാക്ക് പേര്‍ഷ്യനാണ്, ഉറാന്‍, ഇറാഖ്, ഉസ്‌ബെക്കിസ്ഥാന്‍, കസാഖിസ്ഥാന്‍ മേഖലകളില്‍ നിന്ന് വന്നതാണ്. ഹിന്ദുവും ഇന്ത്യയുമായി എന്താണ് ബന്ധം? അങ്ങനെയുള്ളപ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് അത് അംഗീകരിക്കാനാവുക? ഇക്കാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടതാണ് എന്നും ജാര്‍ക്കിഹോളി പറഞ്ഞു.
ജാര്‍ക്കിഹോളിയുടെ പ്രസംഗം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം വിവാദമായിട്ടുണ്ട്. പ്രസ്താവന ഹിന്ദുക്കളെ അപമാനിക്കുന്നതാണെന്നും പ്രകോപനപരമാണെന്നും ബിജെപി വിമര്‍ശിച്ചു. കോണ്‍ഗ്രസ് അനാവശ്യ വിവാദങ്ങളുണ്ടാക്കുന്നത് അവസാനിപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ജനങ്ങളുടെ വികാരത്തെയും സംസ്‌കാരത്തെയും മാനിക്കാന്‍ പഠിക്കണം, ആശയക്കുഴപ്പമുണ്ടാക്കരുതെന്ന് കര്‍ണാടക മന്ത്രി ഡോ അശ്വഥ്‌നാരായണ്‍ പ്രതികരിച്ചു. അവരിങ്ങനെ ആശയക്കുഴപ്പമുണ്ടാക്കുന്നത് ശരിയല്ല. വികാരങ്ങളെ മാനിക്കണം, വിമര്‍ശിക്കുന്നതിന് പകരം സംസ്‌കാരത്തെ ബഹുമാനിക്കണം. അനാവശ്യവിവാദങ്ങളുണ്ടാക്കരുത്, അത് സമൂഹതാല്പര്യത്തിന് നല്ലതല്ല. അശ്വഥ്‌നാരായണ്‍ പറഞ്ഞു.
ജാര്‍ക്കിഹോളിയുടെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് തന്നെ രംഗത്തെത്തി. അദ്ദേഹത്തിന്റെ പരാമര്‍ശം നിര്‍ഭാഗ്യകരമായിപ്പോയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല ട്വീറ്റ് ചെയ്തു. ഹൈന്ദവികത ഒരു ജീവിതരീതിയാണ്, ഒരു സാംസ്‌കാരിക യാഥാര്‍ത്ഥ്യവുമാണ്. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കാനാണ് കോണ്‍ഗ്രസ് രാജ്യത്തെ പഠിപ്പിച്ചിട്ടുള്ളത്. അതാണ് ഇന്ത്യയുടെ കാതല്‍. ജാര്‍ക്കിഹോളിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമായിപ്പോയി, അത് തള്ളിക്കളയേണ്ടതാണ്. അദ്ദേഹം ട്വീറ്റ് ചെയ്തു. കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റാണ് സതീഷ് ലക്ഷ്മണ്‍ റാവു ജാര്‍ക്കിഹോളി. ഞായറാഴ്ച ബെലഗാവിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം വിവാദപ്രസ്താവന നടത്തിയത്.