യുവാവിന്റെ ആത്മഹത്യ; യുവമോര്‍ച്ച നേതാവിനെ പിടികൂടാതെ പൊലീസ്

1 min read

പാലക്കാട്: പറളിയിലെ യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ബ്ലേഡ് പലിശക്കാരനായ യുവമോര്‍ച്ച നേതാവിനെ പിടികൂടാതെ പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് വാദം. കിണാവല്ലൂര്‍ സ്വദേശിയും യുവമോര്‍ച്ച പ്രാദേശിക നേതാവുമായി പ്രതിയായ സന്തോഷ്.

ബ്ലേഡ് പലിശക്കാരന്‍ കൂടിയായ സന്തോഷിന്റെ ഭീഷണിയെ തുടര്‍ന്നാണ് പ്രവീണ്‍ എന്ന യുവാവ് ജീവനൊടുക്കിയത്. സന്തോഷ് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് 29 കാരനായ പ്രവീണ്‍ അര്‍ദ്ധരാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ചതെന്നാണ് ആരോപണം. പ്രവീണിന്റെ മരണത്തിന് പിന്നാലെ സന്തോഷ് ഒളിവില്‍ പോയിരുന്നു. മൊബൈല്‍ ഫോണ്‍ പ്രതി സ്വിച്ച് ഓഫ് ചെയ്തതാണ് പൊലീസിന് ബുദ്ധിമുട്ടായത്.

പറളി കിണാവല്ലൂര്‍ അനശ്വര നഗറിലെ വീടിനകത്താണ് പ്രവീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പ്രദേശത്തെ പലിശക്കാരില്‍ നിന്ന് പ്രവീണ്‍ പലപ്പോഴായി ചെറിയ തുകകള്‍ കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതോടെ പലിശക്കാര്‍ നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

പ്രവീണിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കട ബാധ്യത കാരണമാണ് താന്‍ മരിക്കുന്നതെന്നും ഇതില്‍ ഉത്തരവാദിത്വം തനിക്കു മാത്രമാണ് എന്നുമാണ് പ്രവീണ്‍ കുറിച്ചിരിക്കുന്നത്. കിണാവല്ലൂരിലെ ഭൂരിഭാഗം പേരും കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. ഇവര്‍ക്കിടയില്‍ ബ്ലേഡ് മാഫിയ സജീവമാണ്. പക്ഷെ ഭീഷണി ഭയന്ന് ആരും ഇക്കാര്യം പുറത്ത് പറയാറില്ല. ജീവനൊടുക്കിയ പ്രവീണ്‍ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായിരുന്നു.

Related posts:

Leave a Reply

Your email address will not be published.