കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം; ചാവേര്‍ ആക്രമണം തന്നെ കൂടുതല്‍ സൂചനകള്‍ ലഭിച്ചു
1 min readചെന്നൈ: കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനം ചാവേ!ര്‍ ആക്രമണമാണെന്ന കൂടുതല്‍ സൂചനകള്‍ പുറത്ത്. അതേസമയം, ഇയാളുടെ ഭാര്യക്ക് പദ്ധതികളെപ്പറ്റി അറിവില്ലായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബധിരയും മൂകയുമായ ഇവരെയും പലവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്നം ആലേഖനം ചെയ്ത സ്ലേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്തകങ്ങള്‍ വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇവ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനുള്ള എഴുപത്തിയാറര കിലോഗ്രാം അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കൂടാതെയുള്ള തൊണ്ടി മുതലുകളില്‍ പെടുന്നു. ഒരു കുറിപ്പില്‍ എഴുതിയിരുന്നത് ‘ജിഹാദ് കുഞ്ഞുങ്ങള്‍ക്കും വൃദ്ധര്‍ക്കുമുള്ളതല്ല, യുവാക്കള്‍ക്കുളളതാണ്’ എന്നാണ്. ‘ആരാധനാലയത്തില്‍ തൊട്ടവരെ വേരോടെ നശിപ്പിക്കും’ എന്നാണ് മറ്റൊരു ഡയറിക്കുറിപ്പ്. കൂടാതെ ഇതര മതവിശ്വാസങ്ങളെ സംബന്ധിച്ച കുറിപ്പുകളും കോഡ് ഭാഷയിലുള്ള ഫ്‌ലോ ചാര്‍ട്ടിന്റെ സ്വഭാവമുള്ള ചില കുറിപ്പുകളുമുണ്ട്. ഇവയില്‍ മിക്കതും ഡീ കോഡ് ചെയ്യാനും ഇതിനകം അന്വേഷണസംഘത്തിന് ആയിട്ടുണ്ട്.
സ്‌ഫോടനം നടന്ന ദിവസം കാറില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച് പുറപ്പെടുംമുമ്പ് ഇയാള്‍ ശരീരത്തിലെ രോമം മുഴുവന്‍ ഷേവ് ചെയ്ത് നീക്കിയിരുന്നുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണങ്ങള്‍ക്ക് തീരുമാനിച്ച ഐഎസ് ഭീകരര്‍ ഇങ്ങനെ ചെയ്യാറുള്ളതായി മുന്‍ റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മരണത്തിന് മുമ്പ് ജമേഷ മുബീന്‍ ഇട്ട വാട്‌സാപ്പ് സ്റ്റാറ്റസ് അടക്കം ചാവേര്‍ ആക്രമണസാധ്യതയില്‍ ഊന്നുന്നതാണ്. എന്നാല്‍ സ്‌ഫോടനം നടന്ന സ്ഥലത്തുതന്നെയാണോ ആക്രമണം നടത്താന്‍ പദ്ധതിയിട്ടത്, പൊലീസിനെക്കണ്ട് ഇവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ പൊട്ടിത്തെറി ഉണ്ടായതാണോ എന്നതിലാണ് അന്വേഷണസംഘം വ്യക്തത തേടുന്നത്.
ജമേഷ മുബീന്റെ ഭാര്യയെ ചിഹ്നഭാഷാ സഹായിയുടെ സഹായത്തോടെ അന്വേഷണസംഘം പലവട്ടം ചോദ്യം ചെയ്തിരുന്നു. ഭര്‍ത്താവിന്റെ പദ്ധതികളെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയും ബധിരയും മൂകയുമായ ഇവര്‍ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് സൂചന. വീട്ടില്‍ സ്‌ഫോടക വസ്തുക്കളുടെ അസംസ്‌കൃത വസ്തുക്കള്‍ സംഭരിച്ചിരുന്ന പെട്ടികള്‍ക്കുള്ളില്‍ വ്യാപാരത്തിനായി വാങ്ങിയ തുണിത്തരങ്ങളാണ് എന്നാണ് ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ അറസ്റ്റിലായ കൂട്ടുപ്രതികളില്‍ നിന്നും അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്.