നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണം; വടിയെടുത്ത് ഹൈക്കോടതി
1 min readകൊച്ചി: നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണമെന്ന് ഹൈക്കോടതി. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ ചൊവ്വാഴ്ച മുതൽ പൊതുനിരത്തിൽ പാടില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. വിദ്യാർഥികൾ ഇത്തരം ബസ്സുകളിൽ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേൾക്കും എന്ന ചോദ്യവും ഉന്നയിച്ചു.
റോഡിൽ ജീവന് ഭീഷണിയാകുന്ന വാഹനങ്ങളോട് സൗമ്യത വേണ്ടെന്നും ഡ്രൈവറുടെ ലൈസൻസും ഉടനടി സസ്പെൻഡ് ചെയ്യണമെന്നും മോട്ടോർ വാഹനവകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ പിടിച്ചെടുക്കാം. വിദ്യാർഥികൾ ഇത്തരം ബസിൽ വിനോദയാത്ര പോകേണ്ടതില്ല. വാഹനങ്ങളിലെ നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന വ്ലോഗർമാർക്കെതിരേയും നടപടി വേണമെന്നും ഉത്തരവിൽ പറയുന്നു.
അതേസമയം, വടക്കഞ്ചരി അപകടത്തിൽ ആലത്തൂർ ഡിവൈഎസ്പിയും ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറും കോടതിയിൽ ഹാജരായി റിപ്പോർട്ട് സമർപ്പിച്ചു. ബസപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.