പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു; അനുബന്ധ സംഘടനകള്‍ക്കും നിരോധനം
1 min readന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഇന്ത്യയിൽ നിരോധിച്ചു. അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും.
രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനമുണ്ട്.
ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു. കേരളത്തിൽ നിന്നുള്ള നേതാക്കളാണ് നിലവിൽ അറസ്റ്റിലായവരിൽ ഭൂരിഭാഗവും. റെയ്ഡിനും അറസ്റ്റിനും എതിരെ കേരളത്തിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണ് അരങ്ങേറിയത്.