നിരോധിക്കപ്പെട്ട സംഘടനയുമായി ഐഎന്‍എലിന് ബന്ധം; അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി

1 min read

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പി. നിരോധിതസംഘടനയുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

ഐ.എന്‍.എല്‍ നേതാവായ പ്രൊഫ. മുഹമ്മദ് സുലൈമാന്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവരാണ് റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ തലപ്പത്തിരുന്നത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐ.എന്‍.എല്ലിന് വ്യക്തമായ ബന്ധമുണ്ട്. ഒരു നിരോധിത സംഘടനയുടെ തലപ്പത്തിരുന്നയാള്‍ക്ക് എങ്ങനെ മന്ത്രിസഭയില്‍ തുടരാനാകും. അതിനാല്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്നും ഐ.എന്‍.എല്ലിനെ ഇടതുമുന്നണിയില്‍നിന്ന് ഒഴിവാക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, ബി.ജെ.പി.യുടെ ആരോപണം ശുദ്ധ അസംബന്ധമാണെന്ന് ഐ.എന്‍.എല്‍. നേതാവ് കാസിം ഇരിക്കൂര്‍ പ്രതികരിച്ചു. ഐ.എന്‍.എല്ലിന് റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി യാതൊരു ബന്ധവുമില്ല. ആരോപണം ഉന്നയിച്ച സുരേന്ദ്രന്റെ ലക്ഷ്യം എന്താണെന്നും മനസിലാകുന്നില്ല. ഐ.എന്‍.എല്ലിന്റെ ഒരു നേതാവിനും പ്രവര്‍ത്തകനും റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ബന്ധമില്ലെന്ന് തനിക്ക് ഉത്തമവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു എന്‍.ജി.ഒ. എന്നനിലയില്‍ നല്ല ഒരു ഉദ്യമമായാണ്‌ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ആരംഭിച്ചത്. എന്നാല്‍ അതിന്റെ പ്രവര്‍ത്തനം മറ്റുചിലരുടെ കൈകളിലായപ്പോള്‍ മുഹമ്മദ് സുലൈമാന്‍ അടക്കമുള്ള പലരും വിട്ടുനിന്നു. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിച്ചിട്ടില്ല. ഒരുതരത്തിലും അദ്ദേഹം റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ ഭാഗമായിട്ടില്ലെന്നും കാസിം ഇരിക്കൂര്‍ പ്രതികരിച്ചു.

Related posts:

Leave a Reply

Your email address will not be published.