ആറു ലോക്സഭാമണ്ഡലങ്ങളില്‍ ജയ സാധ്യത; കര്‍മ്മപദ്ധതി നടപ്പിലാക്കാന്‍ നഡ്ഡയുടെ നിര്‍ദ്ദേശം

1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ലോക്സഭാമണ്ഡലങ്ങളില്‍ ജയ സാധ്യതയെന്ന് കേന്ദ്ര ബിജെപിയുടെ വിലയിരുത്തല്‍. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകളിലാണ് ജയസാധ്യത. ഈ ആറ് ലോക്സഭ മണ്ഡലങ്ങളിൽ ഉടൻ പ്രവർത്തനം ശക്തമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ആയിരുന്നു നിർദേശം. ബൂത്ത് ഇന്‍ ചാർജുമാർ മുതൽ മുതിർന്ന നേതാക്കൾ വരെ സജീവമായി വീട് കയറൽ അടക്കം നടത്തണമെന്നാണ് നിർദേശം.

മത സാമുദായിക സംഘടനകകളുടെയും റെസിഡൻസ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കണം എന്നും ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. മണ്ഡലത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാക്കൾ ഓരോ മാസവും നേരിട്ടെത്തി പ്രവർത്തനം ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശ്ശൂർ, പാലക്കാട് സീറ്റുകൾ ലക്ഷ്യമിട്ടാണ് കർമ്മ പദ്ധതി.

കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കര്‍മ്മ പദ്ധതി ദേശീയ അധ്യക്ഷന്‍ തന്നെ മുന്നോട്ട് വച്ചിട്ടുള്ളത്. അതേസമയം, കേരള സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് നഡ്ഡ ഇന്നലെ ഉയര്‍ത്തിയത്. ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ തുറന്നടിച്ചു. കേരളത്തിലെ സർക്കാർ പോകുന്നത് അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ്.

കൊവിഡ് കാല പർച്ചേഴ്സിലടക്കം നടന്നത് അഴിമതിയാണെന്നാണ് വിമര്‍ശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നഡ്ഡ സർവ്വകലാശാലകളിൽ ബന്ധു നിയമനം നടക്കുന്നുവെന്നും ലോകായുക്തയെ ഇല്ലാതാക്കുന്നുവെന്നും വിമര്‍ശിച്ചു. തീവ്രവാദത്തിന്റെ ഹോട്ട്സ്പോട്ടായി കേരളം മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts:

Leave a Reply

Your email address will not be published.