ഫ്ളൈഓവറില്‍ കാറുകള്‍ നിര്‍ത്തി ജന്മദിനാഘോഷം; 21 യുവാക്കള്‍ പിടിയില്‍
1 min readഗാസിയാബാദ്: ഫ്ളൈഓവറില്‍ കാറുകള്‍ നിര്‍ത്തി ജന്മദിനാഘോഷം സംഘടിപ്പിച്ച 21 യുവാക്കള്‍ അറസ്റ്റില്‍. ഇവരുടെ എട്ട് ആഡംബര കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിക്ക് സമീപത്തെ ഫ്ളൈഓവറില്‍ യുവാക്കളുടെ ജന്മദിനാഘോഷം അരങ്ങേറിയത്. ജഗ്ത്പുരി സ്വദേശിയായ അന്‍ഷ് കോലിയുടെ 21-ാം ജന്മദിനമാണ് സുഹൃത്തുക്കള്‍ നടുറോഡില്‍ ആഘോഷിച്ചത്.
കാറുകളില്‍ കൂട്ടത്തോടെ എത്തിയ യുവാക്കള്‍ ഗതാഗതം തടസപ്പെടുത്തി വാഹനങ്ങള്‍ ഫ്ളൈ ഓവറില്‍ നിര്‍ത്തിയിടുകയും തുടര്‍ന്ന് കാറിന്റെ ബോണറ്റിന് മുകളില്‍ കേക്ക് മുറിച്ച് ആഘോഷം നടത്തുകയുമായിരുന്നു. ഇതിനൊപ്പം ഉച്ചത്തില്‍ പാട്ടും വെച്ചിരുന്നു. ഇതിനെതിരേ പ്രതികരിച്ച മറ്റുയാത്രക്കാരെ ഇവര്‍ അസഭ്യം പറയുകയും ചെയ്തു.
സംഭവം വിവാദമായതോടെയാണ് പോലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്. അറസ്റ്റിലായ 21 പേരെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.