ജോഡോയാത്രക്ക് കെജിഎഫിലെ പാട്ട്;
കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് വിലക്ക്
1 min read
കെജിഎഫ് ചാപ്റ്റര്‍2 എന്ന സിനിമയുടെ ശബ്ദരേഖകള്‍ അനധികൃതമായി ഉപയോഗിച്ച് എംആര്‍ടി മ്യൂസിക്കിന്റെ ഉടമസ്ഥതയിലുള്ള നിയമപരമായ പകര്‍പ്പവകാശം ലംഘിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും ഭാരത് ജോഡോ യാത്രയുടെയും അക്കൗണ്ടുകള്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ ബെംഗളൂരു കോടതി തിങ്കളാഴ്ച ട്വിറ്ററിനോട് നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് താത്ക്കാലിക വിലക്ക്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പം , കെജിഎഫ് 2 സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിനെ തുടര്‍ന്നാണ് നടപടി. ബംഗളൂരു അഡീഷണല്‍ സിറ്റി സിവില്‍ കോടതിയാണ് വിലക്കിയത്. പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് എംആര്‍ടി മ്യൂസിക്സിന്റെ എം നവീന്‍കുമാറാണ് രാഹുല്‍ ഗാന്ധിയുള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. ഭാരത് ജോഡോ യാത്രയുടെ ട്വിറ്റര്‍ ഹാന്‍ഡിലിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കെജിഎഫ് 2 ല്‍ നിന്നുള്ള ഗാനം ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിനായി ഉപയോഗിച്ചുവെന്ന് മ്യൂസിക് കമ്പനി ആരോപിക്കുന്നു.
എന്നാല്‍ ഇത്തരത്തിലൊരു കോടതി നടപടിയെക്കുറിച്ച് അറിയില്ലെന്നും ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നുമാണ് പാര്‍ട്ടി ട്വീറ്റ് ചെയ്തു. ”കോണ്‍ഗ്രസ്, ഭാരത് ജോഡോ യാത്ര ഹാന്‍ഡിലുകള്‍ക്കെതിരെ ബംഗളൂരു കോടതിയില്‍ നിന്നുള്ള ഉത്തരവ് സമൂഹമാധ്യമങ്ങളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. ഉത്തരവിന്റെ കോപ്പി ഇതുവരെ ലഭിച്ചിട്ടില്ല. നിയമപരമായ പരിഹാരങ്ങള്‍ക്ക് ശ്രമിക്കും.” ട്വീറ്റില്‍ പറയുന്നു.
രാഹുല്‍ഗാന്ധി, രാജ്യസഭാ എംപി ജയറാം രമേശ്, കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ, ഡിജിറ്റല്‍ പ്ലാറ്റ് ഫോം മേധാവി സുപ്രിയാ ശ്രീനാതെ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. പകര്‍പ്പവകാശ നിയമപ്രകാരമാണ് കേസെടുത്തത്. തുടര്‍നടപടിയായിട്ടാണ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ ഏഴിന് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞയാഴ്ച യാത്ര തെലങ്കാനയിലേക്ക് പ്രവേശിച്ചു. യാത്രയുടെ ഏകോപനത്തിനായി തെലങ്കാന സംസ്ഥാന കോണ്‍ഗ്രസ് 10 പ്രത്യേക കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. 150 ദിവസത്തെ യാത്രയാണ് പദ്ധതിയിട്ടിരിക്കുന്നത്. സിനിമാ താരം പൂജാഭട്ട്, രോഹിത് വെമുലയുടെ അമ്മ തുടങ്ങിയവര്‍ ജോഡോ യാത്രയില്‍ അണിചേര്‍ന്നിരുന്നു. എന്‍സിപി, ശിവസേന തുടങ്ങിയ പാര്‍ട്ടികള്‍ ഇതിനകം ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി രം?ഗത്തെത്തി. ഭാരത് ജോഡോ യാത്ര അവസാനിക്കുമ്പോള്‍ പാര്‍ട്ടി പുതുജീവന്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.